കോണ്‍ഗ്രസില്‍ സമാന്തര വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് ആരെയും അനുവദിക്കില്ല; തരൂരിനെ ലക്ഷ്യം വെച്ച് വി ഡി സതീശന്‍

vd satheeshan
തിരുവനന്തപുരം: സംസ്ഥാനത്ത് കോണ്‍ഗ്രസില്‍ സമാന്തര പ്രവര്‍ത്തനത്തിനും വിഭാഗീയ പ്രവര്‍ത്തനത്തിനും ആരെയും അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഈ അജണ്ടയില്‍ ഭാഗമാകുന്ന പ്രവര്‍ത്തകരെ കര്‍ശനമായി നേരിടുമെന്നും വി ഡി സതീശന്‍ പറഞ്ഞു. ഇനി ഒരു വിഭാഗീയതയ്ക്ക് കോണ്‍ഗ്രസിന് ബാല്യമില്ല. എല്ലാ നേതാക്കള്‍ക്കും പാര്‍ട്ടിയില്‍ സ്‌പേസുണ്ടെന്നും കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ള അജണ്ട വച്ച് പൊറുപ്പിക്കില്ലെന്നും വി ഡി സതീശന്‍ തുറന്നടിച്ചു. ശശി തരൂരിന്റെ മലബാര്‍ ജില്ലകളിലെ പര്യടനം തുടരവെയാണ് പ്രതിപക്ഷ നേതാവിന്റെ ഇത്തരത്തിലുള്ള  പ്രതികരണം എന്നത് ശ്രദ്ധേയമാണ്.

തിരുവനന്തപുരം നഗരസഭ കത്ത് വിവാദത്തില്‍ കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ചിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ പരിഹാസ്യരാക്കിയെന്നും വിഡി സതീശന്‍ വിമർശിച്ചു. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയത് ഫോണിലൂടെയാണെന്നും  പാര്‍ട്ടി തന്നെ അന്വേഷണ ഏജന്‍സിയാകുന്ന പരിഹാസ്യമായ നിലയിലാണെന്നും സതീശൻ കുറ്റപ്പെടുത്തി.  സാമ്പത്തിക മാനേജ്‌മെന്റില്‍ സര്‍ക്കാര്‍ ദയനീയമായി തോറ്റു. സംസ്ഥാനത്തെ പിന്‍വാതില്‍ നിയമനങ്ങളില്‍ യുഡിഎഫ് സമരത്തിലേക്ക് നീങ്ങുകയാണ്.

മാധ്യമങ്ങള്‍ക്കെതിരേയും കടുത്ത വിമർശനങ്ങൾ ഉന്നയിച്ചിരിക്കുകയാണ്  വി ഡി സതീശൻ. മാധ്യമങ്ങള്‍ മര്യാദയുടെ സീമകള്‍ ലംഘിക്കുന്നു.  കോണ്‍ഗ്രസ് നേതാക്കള്‍ കൊള്ളരുതാത്തവരാണെന്ന് മാധ്യമങ്ങള്‍ക്ക് വിമര്‍ശിക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഊതിവീര്‍പ്പിച്ചാല്‍ പൊട്ടുന്ന ബലൂണുകളല്ല സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍. തിരുവനന്തപുരത്ത് നടന്ന സമരങ്ങളില്‍ എംപിയായ ശശി തരൂര്‍ പങ്കെടുത്തോയെന്നത് മാധ്യമങ്ങള്‍ പരിശോധിക്കൂ. കെ സുധാകരന്റെ ഇല്ലാത്ത കത്ത് മാധ്യമങ്ങള്‍ കൊണ്ടുവന്ന് സംസ്ഥാനത്തെ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ് എന്നും സതീശൻ പറഞ്ഞു. 
 

Share this story