സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ എന്‍ ഐ എ-ഇ ഡി സംയുക്ത റെയ്ഡ്; നേതാക്കള്‍ കസ്റ്റഡിയില്‍

  സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍  എന്‍ ഐ എ-ഇ ഡി സംയുക്ത റെയ്ഡ്; നേതാക്കള്‍ കസ്റ്റഡിയില്‍
 കോഴിക്കോട്: സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍  എന്‍ ഐ എ-ഇ ഡി സംയുക്ത റെയ്ഡ്. പുലര്‍ച്ചെ നാലോടെയാണ് എന്‍ ഐ എ റെയ്ഡ് ആരംഭിച്ചത്. കോഴിക്കോട്ടെ സംസ്ഥാന കമ്മിറ്റി ഓഫീസിലും സംഘടനയുടെ ജില്ലാ കമ്മിറ്റി ഓഫീസുകളിലും റെയ്ഡ് നടക്കുകയും  ദേശീയ, സംസ്ഥാന നേതാക്കളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഘടനയുടെ മുന്‍ ചെയര്‍മാര്‍ ഇ അബൂബക്കര്‍ അറസ്റ്റിലായതായി സൂചനയുണ്ട്.

ദേശീയ ചെയര്‍മാന്‍ ഒ എം എ സലാം, ജനറല്‍ സെക്രട്ടറി നസറുദ്ദീന്‍ എളമരം, സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍, സംസ്ഥാന സെക്രട്ടറി പി കെ ഉസ്മാന്‍, സംസ്ഥാന കമ്മിറ്റിയംഗം യഹിയ തങ്ങള്‍ എന്നിവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുന്‍ ചെയര്‍മാന്‍ ഇ അബൂബക്കര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ സത്താര്‍, പത്തനംതിട്ട ജില്ലാ സെക്രട്ടറി സ്വാദിഖ് അഹമ്മദ്, കരമന അശ്‌റഫ് മൗലവി എന്നിവരുടെ വീടുകളിലും റെയ്ഡ് നടന്നു. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന് മൂന്ന് മൊബൈലുകളാണ്  പിടിച്ചെടുത്തത്. പുസ്തകങ്ങള്‍, ലഘുലേഖകള്‍ എന്നിവ പരിശോധനക്കായി കൊണ്ടുപോയിട്ടുണ്ട്.

റെയ്ഡ് നടക്കുന്ന പ്രദേശങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തി. ജില്ലാ സെക്രട്ടറി റെയഡ് ഭരണകൂട ഭീകരതയാണെന്ന് ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ പറഞ്ഞു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share this story