വധശ്രമക്കേസില്‍ മുഹമ്മദ് ഫൈസലിന് ആശ്വാസം; ശിക്ഷാ വിധി നടപ്പാക്കുന്നത് തടഞ്ഞ് ഹൈക്കോടതി
Jan 25, 2023, 12:07 IST

കൊച്ചി: വധശ്രമക്കേസില്‍ മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ അടക്കമുള്ള നാല് പ്രതികളുടെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു. നിലവില്‍ കണ്ണൂര്‍ ജയില്‍ കഴിയുന്ന ഇവര്‍ക്ക് ഉടന്‍ മോചിതരാകാം. 10 വര്‍ഷത്തെ തടവു ശിക്ഷക്കെതിരേയാണ് മുന്‍ എം.പി. കോടതിയെ സമീപിച്ചത്. കേസില്‍ ഫൈസല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധിയും സ്റ്റേ ചെയ്തു. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസാണ് വിധി പറഞ്ഞത്. മേല്‍ക്കോടതിയില്‍നിന്ന് അന്തിമ വിധി വരുന്നതുവരെ ഈ വിധി നടപ്പാക്കുന്നത് തടഞ്ഞിരിക്കുകയാണ്. വിചാരണക്കോടതിയുടെ ഉത്തരവിനെതിരേ ഫൈസല്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി വിധി. ഫൈസലിനെ എം.പി. സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതിനു പിന്നാലെ ലക്ഷദ്വീപില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി 27-ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചിരുന്നത്. ലക്ഷദ്വീപിലെ ഉപതെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഫൈസല്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി ഈ മാസം 27ന് കോടതി പരിഗണിക്കും. ഹര്‍ജിയില്‍ വിധി വരുന്നതോടെ തെരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള അന്തിമ തീരുമാനമാകും.