രക്തസാക്ഷിയായ വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള വിശുദ്ധന്‍; പ്രഖ്യാപിച്ച് മാര്‍പാപ്പ
Sun, 15 May 2022

വത്തിക്കാൻ സിറ്റി: ഭാരതത്തിലെ ആദ്യ അല്മായ രക്തസാക്ഷിയായ ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിച്ചു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടന്ന ചടങ്ങിൽ ഫ്രാൻസിസ് മാർപാപ്പയാണ് പ്രഖ്യാപനം നടത്തിയത്. ദേവസഹായം പിള്ള അടക്കം 10 പേരെയാണ് വിശുദ്ധ പദവിയിലേക്ക് ഉയർത്തിയത്. നീലകണ്ഠപിള്ള എന്നായിരുന്നു ദേവസഹായം പിള്ളയുടെ പേര്. മാർത്താണ്ഡ വർമ രാജാവിന്‍റെ കൊട്ടാരത്തിൽ ഉദ്യോഗസ്ഥനായിരുന്നു. ഒരു ഡച്ച് ഉദ്യോഗസ്ഥനുമായുള്ള സംഭാഷണത്തിലാണ് കത്തോലിക്ക വിശ്വാസത്തെ പറ്റി അറിയുന്നതും തുടർന്ന് ക്രിസ്തുമതം സ്വീകരിക്കുന്നതും. ബുട്ടാരി എന്ന ഈശോ സഭ വൈദികനിൽ നിന്നും 1745 മേയ് 17ന് ജ്ഞാനസ്നാനം സ്വീകരിച്ചു. മതം മാറിയതിനെത്തുടർന്ന് അദ്ദേഹത്തെ കാരാഗൃഹത്തിൽ അടച്ചു. രാജാവിന്‍റെ നിർദേശ പ്രകാരം 1752 ജനുവരി നാലിന് അദ്ദേഹത്തെ വെടിവെച്ചു കൊല്ലുകയായിരുന്നു എന്നാണ് വിശ്വാസം.