കനത്ത മഴ: ഏഴു ജില്ലകളിൽ റെഡ് അലർട്ട്

 കനത്ത മഴ: ഏഴു ജില്ലകളിൽ റെഡ് അലർട്ട് 
 

തിരുവനന്തപുരം: കനത്ത മഴയുടെ സാഹചര്യത്തിൽ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചതിനാൽ ജാഗ്രത തുടരണം. ആഗസ്റ്റ് ഒന്നിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.5 മില്ലീമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

തൃശൂർ, മലപ്പുറം ജില്ലകളിലാണ് ആഗസ്റ്റ് ഒന്നിന് ഓറഞ്ച് അലർട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലീമീറ്റർ മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴഎന്നത് കൊണ്ട് അർത്ഥമാക്കുന്നത്. പാലക്കാട്, കോഴിക്കോട്, വയനാട്,കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഒന്നിന് മഞ്ഞ അലർട്ടുള്ളത്.

മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.

Share this story