വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്‌തെന്ന് പരാതി; രാജസ്ഥാനിലെ മന്ത്രി പുത്രനെ തേടി ഡല്‍ഹി പൊലീസ് ജയ്പൂരില്‍

rape
 ജയ്പൂര്‍: വിവാഹ വാഗ്ദാനം നൽകി ബലാത്സംഗ ചെയ്‌തെന്ന പരാതിയില്‍ രാജസ്ഥാന്‍ മന്ത്രിയുടെ മകനെ പിടികൂടാന്‍ ഡല്‍ഹി പൊലീസ് ജയ്പൂരില്‍. 23 കാരിയുടെ  പരാതിയില്‍ ആണ് രാജസ്ഥാനിലെ മന്ത്രിയായ മഹേഷ് ജോഷിയുടെ മകന്‍ രോഹിത്തിനെ തേടിയാണ് പൊലീസ് ജയ്പൂരില്‍ എത്തിയത്. ഞായറാഴ്ച പുലര്‍ച്ചെ എത്തിയ പോലീസ് സംഘം മന്ത്രിയുടെ ജയ് പൂരിലെ രണ്ട് വസതികളില്‍ എത്തി പൊലീസ് പരിശോധന നടത്തി. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട മന്ത്രി പുത്രന്‍ വിവാഹ വാഗ്ദാനം നല്‍കി പല തവണ പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരി എട്ടിനും ഏപ്രില്‍ 17 നും ഇടയിലായിരുന്നു പീഡനം നടന്നത്. മന്ത്രി പുത്രന്‍ തട്ടിക്കൊണ്ട് പോയെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരി ആരോപിക്കുന്നു. ആദ്യ കൂടിക്കാഴ്ചയില്‍ മദ്യം നല്‍കി അബോധാവസ്ഥയിലാക്കി. പിറ്റേന്ന് ബോധം വന്നപ്പോള്‍ തന്റെ നഗ്ന ഫോട്ടോയും വീഡിയോയും കാണിച്ച് ഭീഷണിപ്പെടുത്തി. ഇതിനിടെ 2021 ഓഗസ്റ്റ് 11 ന് ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയെന്നും ഇത് ഇല്ലാതാക്കാന്‍ രോഹിത് ജോഷി ഗുളിക കഴിക്കാന്‍ നിര്‍ബന്ധിച്ചെങ്കിലും എന്നാല്‍ താന്‍ ചെയ്തില്ലെന്നും യുവതി പരാതിയില്‍ ആരോപിക്കുന്നു.അതേസമയം, പ്രതികളെ രക്ഷിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷമായ ബിജെപി ആരോപിച്ചു. 'പ്രതികളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്.' ഇത്തരം കേസുകള്‍ ഒടുവില്‍ മൂടിവയ്ക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് സംസ്‌ക്കാരം ദൗര്‍ഭാഗ്യകരമാണെന്നും രാജസ്ഥാന്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാബ് ചന്ദ് കതാരിയ ആരോപിച്ചു. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ അടുത്ത അനുയായിയാണ് മഹേഷ് ജോഷി.

Share this story