രേഖാരാജിന്റെ നിയമനം; ഹൈക്കോടതി നടപടി ശരിവച്ച് സുപ്രീം കോടതി

 രേഖാരാജിന്റെ നിയമനം; ഹൈക്കോടതി നടപടി ശരിവച്ച് സുപ്രീം കോടതി
 ന്യൂഡല്‍ഹി: ദളിത്-സാമൂഹിക ചിന്തക രേഖാരാജിന്റെ നിയമനം റദ്ദാക്കിയ ഹൈക്കോടതി നടപടി സുപ്രീം കോടതി ശരിവച്ചു. എം ജി സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം റദ്ദാക്കിയ നടപടിയാണ് ശരിവച്ചത്. രേഖാരാജിന്റെ നിയമന നടപടികളെയും ലേഖനങ്ങള്‍ക്ക് മാര്‍ക്ക് നല്‍കിയതിനെയും കോടതി വിമര്‍ശിച്ചു. ഒരാളുടെ മാത്രം നിയമനത്തിന് പി എച്ച് ഡി മാര്‍ക്ക് കണക്കാക്കിയത് എന്തിനാണെന്നും കോടതി ചോദിച്ചു. ഹൈക്കോടതി നടപടിക്കെതിരെ രേഖാരാജിനു പുറമെ എം ജി സര്‍വകലാശാലയും അപ്പീല്‍ നല്‍കിയിരുന്നു. രേഖാരാജിന്റെ നിയമനം റദ്ദാക്കണമെന്നും റാങ്ക് പട്ടികയില്‍ രണ്ടാമതെത്തിയ നിഷ വേലപ്പന്‍ നായര്‍ക്ക് നിയമനം നല്‍കണമെന്നുമായിരുന്നു ഹൈക്കോടതി ഉത്തരവ്. ഈ ഉത്തരവ് ഇതുവരെ സര്‍വകലാശാല നടപ്പാക്കിയില്ലെന്ന് ആരോപിച്ച് നിഷ ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹരജി നല്‍കിയിട്ടുണ്ട്.

Share this story