Times Kerala

 കളത്തിൽ ശ്രീരുധിരമാല ഭഗവതിക്ഷേത്ര പ്രതിഷ്ഠാദിനം മെയ് രണ്ടിന് 

 
 കളത്തിൽ ശ്രീരുധിരമാല ഭഗവതിക്ഷേത്ര പ്രതിഷ്ഠാദിനം മെയ് രണ്ടിന് 
 

ചാവക്കാട്: മണത്തല കളത്തിൽ ശ്രീരുധിരമാല ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം മെയ് രണ്ടിന് ആഘോഷിക്കുന്നു. പ്രതിഷ്ഠാദിന ഉത്സവത്തിന് അകമ്പടിയായി ക്ഷേത്രത്തിൽ നാല് ദിവസം കളമെഴുത്തും പാട്ടും ഉണ്ടായിരിക്കും. ഏപ്രിൽ  21, 22, 23(വെള്ളി, ശനി, ഞായർ) എന്നീ ദിവസങ്ങളിൽ നാഗകളങ്ങളും 24(തിങ്കൾ)ന് ഭൂതകളവുമാണ് നടത്തുന്നത്. മൂന്ന് വർഷം കൂടുമ്പോഴാണ് ഇവിടെ കളങ്ങൾ നടത്താറുള്ളത്. ക്ഷേത്രത്തിനകത്തും പുറത്തുമായി മേലേക്കാവ്, കീഴെക്കാവ് എന്നീ സർപ്പക്കാവുകളുണ്ട്. കരിനാഗങ്ങൾ, മണിനാഗങ്ങൾ, അഞ്ജനമണിനാഗങ്ങൾ തുടങ്ങി, എല്ലാ കുഴി- പറ- സ്ഥലനാഗങ്ങളുടെയും സാന്നിദ്ധ്യമുള്ള ഇവിടത്തെ ഈ രണ്ട് കാവുകളിലും ചിത്രകൂടക്കല്ലുകളിലാണു സർപ്പപ്രതിഷ്ഠകൾ നടത്തിയിട്ടുള്ളത്.

മണത്തലയുടെ കിഴക്ക് ഭാഗത്ത്, കളത്തിൽ റോഡിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന് ആയിരത്തിൽപരം വർഷം പഴക്കമുണ്ട്. കളത്തിൽ ദേവിയാണ് ഇവിടത്തെ പരദേവത. പ്രാചീനകാലത്ത്, ചാവക്കാട് ദേശത്തെ ഒരു പ്രബല തറവാട്ടുകാരായിരുന്നു കളത്തിൽകാർ. ഈ തറവാട്ടിലെ ഒരു കാർന്നവർ തൊഴിലാർത്ഥം, ഇന്നത്തെ കണ്ണൂർ നഗരഭാഗത്തുണ്ടായിരുന്ന, അക്കാലത്തെ കാനാത്തൂർ എന്ന ഗ്രാമത്തിലെത്തുകയും അവിടത്തെ ഒരു ബ്രാഹ്മണ സ്ത്രീയുമായി പ്രണയത്തിലാകുകയും അവരെ വിവാഹം കഴിച്ച് ഇവിടെ കൊണ്ടുവരികയുമുണ്ടായി. ഈ ബ്രാഹ്മണ സ്ത്രീയാണ് പില്ക്കാലത്ത് തറവാടിൻറെ പരദേവതയായി മാറിയത്. ഒരു ഈഴവ കുടുംബക്ഷേത്രമായ ഇവിടത്തെ പ്രധാന ഉപദേവതകൾ ഹനുമാനും വനദുർഗ്ഗയുമാണ്. മുത്തപ്പൻ, ഘണ്ടാകർണ്ണൻ, വീരഭദ്രൻ, കാപ്പിരി, കരിങ്കുട്ടി, ഗുളികൻ എന്നിവരേയും പ്രതിഷ്ഠിച്ച് ആരാധിച്ചു വരുന്നു.  

കേരളത്തിലെ ഈഴവ കുടുംബക്ഷേത്രങ്ങളിൽ, ഹനുമാൻസ്വാമിയുടെയും വനദുർഗ്ഗയുടെയും സാന്നിദ്ധ്യമുള്ളതും ചിത്രകൂടക്കല്ലുകളിൽ നാഗങ്ങളെ പ്രതിഷ്ഠിച്ചിട്ടുള്ളതുമായ ഒരു  അപൂർവ്വ ക്ഷേത്രമാണ് ഈ ക്ഷേത്രം. മണത്തലയിലെ മറ്റു കളത്തിൽ ക്ഷേത്രങ്ങളുടെയെല്ലാം മൂലക്ഷേത്രംകൂടിയാണ് ഇത്. ഇവിടെ നിത്യപൂജകൾ ഉണ്ടാകാറില്ല. ഓരോ മാസവും ഇവിടത്തെ ദേവിയുടെ ജന്മനക്ഷത്രമായ ഉത്രം നാളിൽ നടത്തുന്ന പ്രതിമാസപൂജയാണ് ഇവിടെയുള്ളത്. മുൻ നിശ്ചയിക്കപ്പെട്ട രണ്ടോ മൂന്നോ കുടുംബക്കാർ ചേർന്ന് അതതു മാസത്തെ ദിവസപൂജ നടത്തി വരുന്നു.

മെയ് രണ്ടിന് പുലർച്ചെ അഞ്ചരക്ക് മഹാഗണപതി ഹോമത്തോടെ ആരംഭിക്കുന്ന പ്രതിഷ്ഠാദിനാഘോഷ ചടങ്ങുകളിൽ പകൽ കലശപൂജ, കലശാഭിഷേകം, ഭൂവനേശ്വരീ കർമ്മം, ചിത്രകൂടപൂജ എന്നീ വിശേഷാൽ പൂജകളും കുടുംബമഹാസഭ, ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്, കുട്ടികളുടെ കലാപരിപാടികൾ എന്നിവകളും സന്ധ്യയ്ക്കു കൂട്ടപ്രാർത്ഥനയും ദീപാരാധനയും താലം വരവും പ്രസാദ ഊട്ടും ഉണ്ടായിരിക്കുമെന്ന് ക്ഷേത്രം സെക്രട്ടറി കുഞ്ഞിമോൻ സഹദേവൻ അറിയിച്ചു. Mob:  9895194647

Related Topics

Share this story