Description
Digital Voice of Kerala
Friday, June 5, 2026

Digital Voice of Kerala
HomeTaste Of Timesതലശ്ശേരി സ്പെഷൽ കോഴിക്കാൽ, കിഴങ്ങ് പൊരി | Kozhikal

തലശ്ശേരി സ്പെഷൽ കോഴിക്കാൽ, കിഴങ്ങ് പൊരി | Kozhikal

🎙️ Latest Podcast

തലശ്ശേരിയിലെത്തി കോഴിക്കാൽ (Kozhikal) കഴിച്ചിട്ടുള്ളവരാരും ഇതിന്റെ രുചി മറക്കില്ല. കോഴിയുടെ കാൽ വറുത്തു കോരി വച്ചതുപോലെ തോന്നുമെങ്കിലും ഇത് തലശ്ശേരിക്കാരുടെ നാലുമണിപ്പലഹാരമാണ്. മരച്ചീനി അഥവാ കപ്പ ഉപയോഗിച്ചാണ് കോഴിക്കാൽ തയാറാക്കുന്നത്. അല്ലാതെ ഇതിൽ കോഴിയുടെ ഒരംശവും ചേർത്തിട്ടില്ല. കോഴിക്കാൽ തയാറാക്കുന്ന അതേ ചേരുവകൾ ഉപയോഗിച്ച് തന്നെ തലശ്ശേരിക്കാർ ഉണ്ടാക്കുന്ന മറ്റൊരു വിഭവമാണ് കിഴങ്ങ് പൊരി അഥവാ കപ്പ പൊരി. കപ്പ അരിയുന്നതിലെ വ്യത്യാസമാണ് രണ്ടു വിഭവങ്ങളെയും വ്യത്യസ്തമാക്കുന്നത്. കോഴിക്കാൽ കോലുപോലെ നീളത്തിൽ അരിഞ്ഞെടുക്കുകയാണെങ്കിൽ, കിഴങ്ങ് പൊരിക്ക് കനം കുറച്ച് സമ ചതുരാകൃതിയിലാണ് അരിയുന്നത്.

കിഴങ്ങ് പൊരിക്ക് ചില ഭാഗങ്ങളിൽ കപ്പയ്ക്ക് പകരം ഉരുളക്കിഴങ്ങോ മധുരക്കിഴങ്ങോ ഉപയോഗിക്കാറുണ്ട്. രണ്ടും മാവിൽ മുക്കി പൊരിച്ചെടുക്കുകയാണ് ചെയ്യുന്നത്. മാവ് തയ്യാറാക്കുന്നതിലെ വ്യത്യാസമുണ്ട്. ചിലർ കടലമാവിനൊപ്പം അരിപ്പൊടി ചേർക്കുമ്പോൾ ചിലർ റവ മാത്രം ചേർക്കും. ഇവ രണ്ടും ചേർക്കുന്നവരുമുണ്ട്. ചിലർ മുളകുപൊടി മാത്രം ഉപയോഗിക്കുമ്പോൾ മറ്റു ചിലർ പച്ചമുള‌കും കുരുമുളക് പൊടിയും ഉപയോഗിക്കും. ഇത് രണ്ടും എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

കപ്പ– അര കിലോ

കപ്പ തൊലി കളഞ്ഞ് വൃത്തിയാക്കിയതിന് ശേഷം നന്നായി കഴുകിയെടുക്കുക. രണ്ടായി മുറിച്ച് രണ്ട് മിനിറ്റോളം ഉപ്പിട്ട തിളച്ച വെള്ളത്തിൽ വേവിക്കുക. കപ്പ എളുപ്പത്തിൽ അരിഞ്ഞെടുക്കാനും ഉപ്പ് കപ്പയിൽ പിടിക്കുന്നതിനുമായിട്ടാണിത്. ശേഷം കപ്പയിലെ വെള്ളം വാലാനായിട്ട് മാറ്റി വയ്ക്കുക. കപ്പയിലെ വെള്ളം വാർന്ന്, തണുത്തതിന് ശേഷം അരിഞ്ഞെടുക്കുക.

കോഴിക്കാലിന് കോലു പോലെ അൽപം വീതിയിലും കിഴങ്ങ് പൊരിക്ക് കനം കുറച്ച് സമചതുരാകൃതിയിലുമാണ് അരിയേണ്ടത്. തിളപ്പിക്കുമ്പോൾ കപ്പ വെന്തു പോകാതിരിക്കാൻ ശ്രദ്ധിക്കണം.

മാവിനുള്ള ചേരുവകൾ

ഇഞ്ചി, വെള്ളുത്തുള്ളി, പച്ചമുളക് ചതച്ചത്– 4 ടീ സ്പൂൺ
കശ്മീരി മുളകുപൊടി– ഒരു ടീ സ്പൂൺ
മുളകുപൊടി– കാൽ ടീ സ്പൂൺ
മഞ്ഞൾപ്പൊടി– കാൽ ടീ സ്പൂൺ
ഗരം മസാല– കാൽ ടീ സ്പൂൺ
കടലമാവ്– 4 ടേബിൾ സ്പൂൺ
അരിപ്പൊടി– 2 ടേബിൾ സ്പൂൺ
റവ– ഒരു ടേബിൾ സ്പൂൺ
പെരുംജീരകം പൊടിച്ചത്– കാൽ ടീ സ്പൂൺ
കായം– ഒരു നുള്ള്
കറിവേപ്പില– ആവശ്യത്തിന്
വെളിച്ചെണ്ണ– വറുക്കാൻ ആവശ്യത്തിന്
ഉപ്പ്– ആവശ്യത്തിന്
വെള്ളം– ആവശ്യത്തിന്

തയാറാക്കുന്ന വിധം

മേൽപറഞ്ഞ ചേരുവകൾ എല്ലാം വെള്ളം ചേർത്ത് നന്നായി കുഴച്ചെടുക്കുക. അരിഞ്ഞു വച്ച കപ്പയിൽ മാവ് പറ്റിച്ചേരുന്ന വിധത്തിലാവണം മാവ് തയാറാക്കാൻ. റവ ചേർത്തതിനാൽ വെള്ളം ആവശ്യത്തിന് മാത്രം ചേർക്കുക. ശേഷം എണ്ണയിൽ വറുത്ത് കോരുക.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.