Times Kerala

 
സയ്യിദ് മുഷ്താഖ് അലി ട്രോഫി; ക്വാർട്ടർ ഫൈനലിൽ ഇന്ന് കേരളം അസമിനെതിരെ

 
 സയ്യിദ് മുഷ്താഖ് അലി ട്രോഫി; ക്വാർട്ടർ ഫൈനലിൽ ഇന്ന് കേരളം അസമിനെതിരെ
 സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്വാർട്ടർ ഫൈനലിൽ കേരളം ഇന്ന് അസമിനെതിരെ. മൊഹാലിയിലെ ഐഎസ് ബിന്ദ്ര സ്റ്റേഡിയത്തിൽ വൈകുന്നേരം 4.30നാണ് മത്സരം. ഗ്രൂപ്പ് ഘട്ടത്തിൽ നേരിട്ട ഒരേയൊരു പരാജയം അസമിനെതിരെ ആയതിനാൽ ആ സമ്മർദ്ദത്തിലാവും കേരളം ഇന്ന് ഇറങ്ങുക. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ ആറ് മത്സരങ്ങളിൽ ആറും വിജയിച്ചെത്തിയ കേരളത്തിന് അപ്രതീക്ഷിത തിരിച്ചടിയാണ് ഏഴാം മത്സരത്തിൽ നേരിട്ടത്. ടൂർണമെൻ്റിൽ തകർപ്പൻ ഫോമിലുള്ള ക്യാപ്റ്റൻ റിയാൻ പരാഗിൻ്റെ ഓൾറൗണ്ട് മികവിൽ കേരളത്തെ മറികടന്ന അസം പ്രീക്വാർട്ടറിൽ ബംഗാളിനെയും വീഴ്ത്തി. ഈ മത്സരത്തിലും പരാഗ് തൻ്റെ ഫോം തുടർന്നു. തുടരെ ഏഴ് അർധസെഞ്ചുറികൾ നേടിയ പരാഗ് ലോക റെക്കോർഡ് നേട്ടവും സ്വന്തമാക്കി. ഒഡീഷയ്ക്കെതിരായ ആദ്യ കളി 45 റൺസിനു പുറത്തായ പരാഗ് പിന്നീട് എല്ലാ മത്സരങ്ങളിലും അർദ്ധസെഞ്ചുറി നേടിയിരുന്നു. ടൂർണമെൻ്റിൽ ഏറ്റവുമധികം റൺസ് നേടിയ താരമാണ് പരാഗ്. ഇതിനൊപ്പം 11 വിക്കറ്റും നേടിയ താരം ടീമിനെ മുന്നിൽ നിന്ന് നയിക്കുകയാണ്. പരാഗിനെ പിടിച്ചുനിർത്തുക എന്നതാവും കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

Related Topics

Share this story