Times Kerala

ഇന്ന് കേരളത്തിന് സന്തോഷ്‌ ട്രോഫി ഫൈനല്‍ റൗണ്ടില്‍ ആദ്യമത്സരം 

 
ഇന്ന് കേരളത്തിന് സന്തോഷ്‌ ട്രോഫി ഫൈനല്‍ റൗണ്ടില്‍ ആദ്യമത്സരം 

ഇറ്റാനഗര്‍: സന്തോഷ്‌ ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ റൗണ്ടില്‍ ഇന്ന് കേരളത്തിന് പോരാട്ടം. അസമാണു ഗ്രൂപ്പ്‌ എയിലെ ആദ്യമത്സരത്തില്‍ കേരളത്തിനു എതിരാളികൾ. കേരളആരാധകർ ഒട്ടാകെ ഉറ്റുനോക്കുന്നത് സമുദ്രനിരപ്പിൽ നിന്ന് വളരെ ഉയരത്തില്‍ തണുപ്പ്‌ ഉള്‍പ്പെടെയുള്ള മോശമായ സാഹചര്യങ്ങള്‍ പിൻതള്ളി അരുണാചല്‍ പ്രദേശില്‍ നടക്കുന്ന അന്തിമ റൗണ്ട്‌ പോരാട്ടങ്ങള്‍ക്കു കേരളാ ടീം വിജയത്തോടെ തുടക്കമിടുമോയെന്നാണ്‌. പതിവിനു വിപരീതമായി ഇത്തവണ ടർഫിലാണ് മത്സരമെന്നത് മറ്റൊരു വെല്ലുവിളിയാണ്. കഴിഞ്ഞ ഞായറാഴ്‌ച കൃത്യമായി സ്ഥലത്തെത്തി പരിശീലനം നടത്താനായതും ടീമംഗങ്ങൾക്കാർക്കും തന്നെ യാതൊരുവിധ പരിക്കുകളുമില്ലായെന്നതും പ്രതീക്ഷ പകരുന്നു. സതീവൻ ബാലൻറ്റെ പരിശീലനത്തിൽ നിജോ ഗില്‍ബര്‍ട്ടാണ്‌  കേരളത്തിന്റെ നായകന്‍. കേരളത്തിന്റെ ലക്ഷ്യം എട്ടാം കിരീടമാണു. ഫൈനല്‍ റൗണ്ടില്‍ മത്സരിക്കുന്നത്‌ രണ്ടു ഗ്രൂപ്പുകളിലായി 12 ടീമുകളാണ്‌. അസം കൂടാതെ ആതിഥേയർ കൂടിയായ അരുണാചല്‍ പ്രദേശ്‌, മേഘാലയ, സര്‍വീസസ്‌, ഗോവ എന്നീ ടീമുകളും ഗ്രൂപ്പ് എ-യിലുണ്ട്.  
ഗ്രൂപ്പ്‌ ബിയില്‍ കര്‍ണാടക, മഹാരാഷ്‌ട്ര, ഡല്‍ഹി, മണിപ്പുര്‍, മിസോറം, റെയിവേസ്‌ ടീമുകള്‍ എന്നിവയും. ഉച്ചകഴിഞ്ഞ്‌ 2.30 നാണ്‌ അരുണാചലിലെ യുപിയ ഗോള്‍ഡന്‍ ജൂബിലി സ്‌റ്റേഡിയത്തില്‍ കേരളം-അസം പോരാട്ടം.

Related Topics

Share this story