ലോകകപ്പിലെ ‘പ്ലയർ ഓഫ് ദ ടൂർണമെന്റ്’: ഷോർട്ട് ലിസ്റ്റിൽ 4 ഇന്ത്യൻ താരങ്ങൾ
Nov 18, 2023, 16:37 IST

അഹമ്മദാബാദ്: 2023 ലോകകപ്പിലെ ‘പ്ലയർ ഓഫ് ദ ടൂർണമെന്റ്’ അവാർഡ് നേടുന്ന താരത്തെ നാളെ അറിയാം. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) പ്രഖ്യാപിച്ച ചുരുക്കപ്പട്ടികയിൽ നാല് ഇന്ത്യൻ താരങ്ങൾ ഇടം നേടി. രോഹിത് ശർമ്മ, വിരാട് കോലി, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവരാണ് ഒമ്പത് പേരുടെ ചുരുക്കപ്പട്ടികയിൽ ഉള്ളത്. മുമ്പെങ്ങും കണ്ടിട്ടില്ലാത്ത പോരാട്ടവീര്യം നിറഞ്ഞതായിരുന്നു ഈ വർഷത്തെ ലോകകപ്പ്. ബാറ്റിംഗ്, ബൗളിംഗ്, ഫീൽഡിംഗ് അങ്ങനെ കളിയുടെ സർവ്വമേഖലയിലും ശ്രദ്ധേയമായ പ്രകടനങ്ങൾക്ക് ഇത്തവണ സാക്ഷ്യം വഹിച്ചു. അഫ്ഗാനിസ്ഥാനെതിരെ ടീമിനെ തകർച്ചയുടെ വക്കിൽ നിന്ന് കരകയറ്റിയ ഓസീസ് ഓൾറൗണ്ടർ ഗ്ലെൻ മാക്സ്‌വെല്ലിന്റെ 201* റൺസിന്റെ ഒറ്റയാൾ പോരാട്ടവും, വിരാട് കോലിയുടെ അമ്പതാം സെഞ്ച്വറിയും, ഷമി ഏഴ് വിക്കറ്റ് നേട്ടവുമെല്ലാം ഈ ലോകകപ്പിനെ അവിസ്മരണീയമാക്കുന്നു.
