Times Kerala

വിജയകുതിപ്പ് തുടരാൻ കേരളാ ബ്ലാസ്റ്റേഴ്‌സ് : ഐഎസ്എല്ലിൽ ഇന്ന്   മോഹൻ ബഗാൻ സൂപ്പർ ജൈന്റ്സിനെ നേരിടും 
 

 
gr

ഇന്ത്യൻ സൂപ്പർ ലീഗ് പത്താം സീസണിലെ പന്ത്രണ്ടാം മത്സരത്തിനൊരുങ്ങുകയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്.  കൊൽക്കത്ത വിവേകാനന്ദ യുബ ഭാരതി ക്രിരംഗൻ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ മോഹൻ ബഗാൻ സൂപ്പർ ജൈന്റ്സിനോടാണ്‌ കേരളാ ബ്ലാസ്റ്റേഴ്‌സ് ഏറ്റുമുട്ടുക.  കൊച്ചിയിൽ നടന്ന അവസാന മത്സരത്തിൽ മുംബൈ സിറ്റി എഫ്‌സിയെ തകർത്ത് രണ്ടു ഗോളുകൾക്ക് ക്ലീൻ ഷീറ്റ് വിജയം നേടിയ ആത്മവിശ്വാസത്തിലാണ് മോഹൻ ബഗാനെ കേരളാ ബ്ലാസ്റ്റേഴ്‌സ് നേരിടാനൊരുങ്ങുന്നത്. മറുവശത്ത് മുംബൈക്കും ഗോവക്കുമെതിരെ നടന്ന അവസാന രണ്ടു മത്സരങ്ങളിലും തോൽവി വഴങ്ങിയ മോഹൻ ബഗാന് ഈ നിർണായക മത്സരത്തിൽ വിജയിക്കേണ്ടത് അനിവാര്യമാണ്. 

പതിനൊന്നു മത്സരങ്ങളിൽ നിന്ന് ഇരുപത്തിമ്മൂന്ന് പോയിന്റുമായി റാങ്കിങ് ടേബിളിൽ രണ്ടാമതാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. ഒൻപതു മത്സരങ്ങളിൽ നിന്ന് പത്തൊൻപതു പോയിന്റുമായി മൂന്നാം സ്ഥാനത്താണ് മോഹൻ ബഗാൻ സൂപ്പർ ജൈന്റ്സ്. അഡ്രിയാൻ ലൂണയുടെ അഭാവം കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഫോമിനെ കാര്യമായി ബാധിച്ചിട്ടില്ല എന്ന് വിലയിരുത്താനാകും. പകരക്കാരായി ഇറങ്ങിയ താരങ്ങൾ മികച്ച പ്രകടനം കാഴ്ചവെക്കുന്നത് ടീമിന് ഗുണകരമാകുന്നുണ്ട്. 

ലൂണയുടെ അഭാവത്തിൽ മുംബൈ സിറ്റിക്കെതിരെ നേടിയ നിർണ്ണായക വിജയം മറൈനേഴ്സിനെതിരായ വരാനിരിക്കുന്ന മത്സരത്തിലും ആവർത്തിക്കാനാണ് ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുക.ഒപ്പം സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലെ മത്സരം വിജയക്കുന്നതിലൂടെ 2023 മികച്ച രീതിയിൽ അവസാനിപ്പിക്കാനും എഫ്‌സി ഗോവയെ പിന്നിലാക്കി റാങ്കിങ്ങിൽ ഉയരാനും ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കും.  പരിക്കേറ്റ അൻവർ അലി, സഹൽ അബ്ദുൾ സമദ്, ആഷിഖ് കുരുണിയൻ തുടങ്ങിയ പ്രധാന ഇന്ത്യൻ താരങ്ങളില്ലാതെയാകും മോഹൻ ബഗാൻ. ബ്ലാസ്‌റ്റേഴ്‌സിനെ നേരിടുക. നാല് മത്സരങ്ങളുടെ വിലക്ക് നേരിടുന്ന ലിസ്റ്റൺ കൊളാക്കോയ്ക്കും ഈ മത്സരം നഷ്ടമാകും.

Related Topics

Share this story