Times Kerala

 ലോകകപ്പ്: ഇംഗ്ലണ്ടിനെതിരെ ശ്രീലങ്കക്ക് എട്ട് വിക്കറ്റിനു ജയം 

 
ലോകകപ്പ്: ഇംഗ്ലണ്ടിനെതിരെ ശ്രീലങ്കക്ക് എട്ട് വിക്കറ്റിനു ജയം
 ബെംഗളൂരു: ഇംഗ്ലണ്ടിനെതിരെ എട്ട് വിക്കറ്റിന്റെ തിളക്കമാര്‍ന്ന ജയവുമായി ശ്രീലങ്ക. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ 156ല്‍ ഒതുക്കിയ ലങ്ക രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. 33.2 ഓവറിലാണ് ഇംഗ്ലണ്ട് 156ല്‍ എത്തിയതെങ്കില്‍ 25.4 ഓവര്‍ മാത്രമെടുത്ത് ലങ്ക 160 സ്‌കോര്‍ ചെയ്തു. പാത്തും നിസാങ്കയുടെയും സദീര സമരവിക്രമയുടെയും ഉജ്ജ്വല ബാറ്റിംഗാണ് ലങ്കക്ക് വേഗമേറിയ ജയം സമ്മാനിച്ചത്. 83 പന്ത് നേരിട്ട് 77 റണ്‍സെടുത്ത് നിസങ്കയും 54ല്‍ 65 കണ്ടെത്തിയ സമരവിക്രമയും പുറത്താകാതെ നിന്നു. ഡേവിഡ് വില്ലിയാണ് ലങ്കയുടെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയത്.
43 റണ്‍സെടുത്ത ബെന്‍ സ്റ്റോക്‌സാണ് ഇംഗ്ലണ്ട് ബാറ്റിംഗ് നിരയിലെ ടോപ്പ് സ്‌കോറര്‍. ഇത്രയും റണ്‍സിലെത്താന്‍ സ്റ്റോക്‌സിന് 73 പന്തുകള്‍ വേണ്ടിവന്നു. ജോണി ബെയര്‍സ്‌റ്റോവ് (30), ഡേവിഡ് മലന്‍ (28), മോയീന്‍ അലി (15), ഡേവിഡ് വില്ലി (14) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സമ്പാദ്യം.
ശ്രീലങ്കക്കായി ലാഹിരു കുമാര്‍ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ കസുന്‍ രജിതയും എയ്ഞ്ജലോ മാത്യൂസും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. മഹേഷ് തീക്ഷ്ണ ഒരു വിക്കറ്റ് സ്വന്തമാക്കി.

Related Topics

Share this story