അഫ്ഗാന്റെ ഇതിഹാസ പരിശീലകന് പടിയിറങ്ങുന്നു; ലോകകപ്പിന് ശേഷം പരിശീലകസ്ഥാനം ഒഴിയും
കാബൂള്‍: അഫ്ഗാനിസ്ഥാന് ക്രിക്കറ്റ് ടീം പരിശീലകസ്ഥാനത്തു നിന്ന് ഫില്‍ സിമ്മണ്‍സ് പടിയിറങ്ങുന്നു. ലോകകപ്പിന് ശേഷം പരിശീലകസ്ഥാനം ഒഴിയുമെന്ന് അദേഹം വ്യക്തമാക്കി. ആദ്യ ടെസ്റ്റ് ജയമുള്‍പ്പടെ അഫ്ഗാന് ക്രിക്കറ്റിനെ ഉയരങ്ങളിലേക്ക് കൈപിടിച്ച് നടത്തിയ പരിശീലകനാണ് ഫില്‍ സിമ്മണ്‍സ്. അഫ്ഗാന് പരിശീലകനായി 2017 ഡിസംബറിലാണ് ഫീല്‍ സ്ഥാനമേറ്റത്.
സ്ഥാനമൊഴിയുന്നതിനെ കുറിച്ച് ചിന്തിച്ചുകഴിഞ്ഞു, കരാര്‍ പുതുക്കുന്നില്ലെന്ന വിവരം അഫ്ഗാന് ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചിട്ടുണ്ട്. ജൂലൈ 15ന് കരാര്‍ അവസാനിക്കുന്നതോടെ പുതിയ പാത തെരഞ്ഞെടുക്കും. ആദ്യം 18 മാസത്തേക്കാണ് താന്‍ കരാര്‍ ഒപ്പിട്ടത്. ഒട്ടേറെ കാര്യങ്ങള്‍ ഇക്കാലയളവില്‍ ചെയ്തു. സ്ഥാനമൊഴിയാനുള്ള കൃത്യമായ സമയമാണിതെന്നും അദേഹം വ്യക്തമാക്കി.