മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്തുള്ള സുരക്ഷാ വീഴ്ചകളും ഒത്തുകളി സാധ്യതകളും തടയുന്നതിനായി ഫ്രാഞ്ചൈസികൾക്ക് കർശന മാർഗ്ഗനിർദ്ദേശങ്ങളുമായി ഇന്ത്യൻ ക്രിക്കറ്റ് നിയന്ത്രണ ബോർഡ് രംഗത്ത് (BCCI Smart Glasses Restriction IPL). മത്സരദിവസങ്ങളിൽ കളിക്കാരും സപ്പോർട്ട് സ്റ്റാഫും ഡ്രസ്സിംഗ് റൂം ഉൾപ്പെടെയുള്ള നിയന്ത്രിത മേഖലകളിൽ അനധികൃത ആശയവിനിമയ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനെതിരെ ബിസിസിഐ ശക്തമായ മുന്നറിയിപ്പ് നൽകി. ഒളിച്ചുവെച്ച ക്യാമറകൾ, വീഡിയോ റെക്കോർഡിംഗ് സൗകര്യം, മെസ്സേജിംഗ് ഫീച്ചറുകൾ എന്നിവയുള്ളതും സ്മാർട്ട്ഫോണുകൾക്ക് സമാനമായി പ്രവർത്തിക്കുന്നതുമായ പുതിയ തലമുറയിലെ ‘സ്മാർട്ട് ഗ്ലാസുകൾ’ ഡ്രസ്സിംഗ് റൂമുകളിലേക്ക് കൊണ്ടുവരുന്നത് പൂർണ്ണമായും നിരോധിച്ചതായി സ്പോർട്സ് നൗ റിപ്പോർട്ട് ചെയ്തു.
ഈ സീസണിന്റെ തുടക്കത്തിൽ ഉണ്ടായ ചില സുരക്ഷാ പ്രോട്ടോക്കോൾ ലംഘനങ്ങളെ തുടർന്നാണ് ബിസിസിഐയുടെ ആന്റി കറപ്ഷൻ ആൻഡ് സെക്യൂരിറ്റി യൂണിറ്റ് നിരീക്ഷണം ശക്തമാക്കിയത്. തത്സമയ മത്സരത്തിനിടയിൽ ഡഗ്ഔട്ടിലിരുന്ന് മൊബൈൽ ഫോൺ ഉപയോഗിച്ചതിന് രാജസ്ഥാൻ റോയൽസിന്റെ റോമി ഭിന്ദറിന് ഒരു ലക്ഷം രൂപ പിഴയും കർശന മുന്നറിയിപ്പും നൽകിയിരുന്നു. ടീം മാനേജർക്കും അനലിസ്റ്റിനും ഒഴികെ മറ്റാർക്കും കളിസമയത്ത് ആശയവിനിമയ ഉപകരണങ്ങൾ ഉപയോഗിക്കാൻ അനുമതിയില്ലെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ വ്യക്തമാക്കി. കൂടാതെ, കളിക്കാരുടെ ഹോട്ടൽ മുറികളിലും ഡഗ്ഔട്ടുകളിലും അനധികൃത വ്യക്തികൾ പ്രവേശിക്കുന്നതും ടീം ഉടമകൾ വിലക്കപ്പെട്ട മേഖലകളിൽ കളിക്കാരുമായി ഇടപഴകുന്നതും ഗൗരവമായി കാണുമെന്നും നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കടുത്ത അച്ചടക്ക നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Summary: The BCCI has issued strict match-day directives to all IPL franchises warning players and support staff against using unauthorized communication devices, specifically targeting the influx of “smart glasses” equipped with hidden cameras and messaging functions. This anti-corruption crackdown follows recent security protocol breaches, including a fine imposed on a Rajasthan Royals official for using a mobile phone in the dugout. BCCI Secretary Devajit Saikia emphasized that stringent action will be taken against franchises violating the restricted area protocols or mingling with unauthorized personnel.

