റോം: മൊറോക്കോ അതിർത്തിയോട് ചേർന്ന സ്‌പെയിനിന്റെ സ്വയംഭരണ പ്രദേശമായ സ്യൂട്ടയിലേക്ക് ആയിരക്കണക്കിന് കുടിയേറ്റക്കാർ എത്തിച്ചേർന്നതിനെ തുടർന്ന് സ്‌പെയിനിനെ യൂറോപ്യൻ യൂണിയന്റെ അതിർത്തിരഹിത യാത്രാ സംവിധാനമായ ഷെൻഗൻ മേഖലയിൽ നിന്ന് താൽക്കാലികമായി സസ്‌പെൻഡ് ചെയ്യണമെന്ന് ഇറ്റലി ആവശ്യപ്പെട്ടു. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. (Italy Spain Schengen dispute)
സ്യൂട്ടയിലെ കുടിയേറ്റ പ്രതിസന്ധിയുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ ഞെട്ടിക്കുന്നതാണെന്ന് മെലോണി പ്രതികരിച്ചു. വിഷയത്തിൽ ബന്ധപ്പെട്ട ഏജൻസികളുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും, ആവശ്യമെങ്കിൽ സ്‌പെയിനുമായുള്ള ഷെൻഗൻ കരാർ താൽക്കാലികമായി നിർത്തിവെക്കുന്നതുൾപ്പെടെയുള്ള അസാധാരണ നടപടികളിലേക്ക് കടക്കുമെന്നും അവർ എക്‌സിൽ കുറിച്ചു. കുട്ടികളുൾപ്പെടെയുള്ള നിരവധി പേർ കടൽ നീന്തിക്കടന്നാണ് സ്യൂട്ടയിലെത്തിയതെന്നാണ് റിപ്പോർട്ട്. ഈ ശ്രമത്തിനിടെ ഒമ്പത് പേർ മരിച്ചതായും സ്‌പാനിഷ് അധികൃതർ അറിയിച്ചു.
ഇറ്റാലിയൻ വിദേശകാര്യ മന്ത്രി അന്റോണിയോ തജാനിയും സമാനമായ നിലപാടാണ് സ്വീകരിച്ചത്. നിയന്ത്രണമില്ലാത്ത അനധികൃത കുടിയേറ്റം ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും സ്‌പെയിനുമായുള്ള ഷെൻഗൻ സംവിധാനം താൽക്കാലികമായി അവസാനിപ്പിക്കുന്നതിനെ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അഞ്ച് ലക്ഷത്തിലധികം അനധികൃത കുടിയേറ്റക്കാർക്ക് സ്‌പാനിഷ് പൗരത്വം നൽകാനുള്ള മാഡ്രിഡിന്റെ തീരുമാനം മനുഷ്യക്കടത്തിനെ പ്രോത്സാഹിപ്പിക്കുമെന്ന ആശങ്കയും തജാനി ഉന്നയിച്ചു. അതേസമയം, ഇറ്റാലിയൻ നേതാക്കളുടെ പ്രസ്താവനകളെ സ്‌പെയിൻ ശക്തമായി വിമർശിച്ചു. കുടിയേറ്റ വിഷയത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണെന്ന് സ്‌പാനിഷ് വിദേശകാര്യ മന്ത്രി ഹോസെ മാനുവൽ അൽബാരസ് ആരോപിച്ചു. യൂറോപ്യൻ ഐക്യദാർഢ്യമാണ് പ്രതീക്ഷിക്കുന്നതെന്നും രാഷ്ട്രീയ പ്രചാരണങ്ങളല്ലെന്നും അദ്ദേഹം പ്രതികരിച്ചു.
യൂറോപ്പിലെ 29 രാജ്യങ്ങൾക്കിടയിൽ പൊതുവായ അതിർത്തികളിലെ നിയന്ത്രണങ്ങൾ ഒഴിവാക്കി സ്വതന്ത്ര യാത്ര അനുവദിക്കുന്ന സംവിധാനമാണ് ഷെൻഗൻ മേഖല. സ്യൂട്ടയിലെ പുതിയ കുടിയേറ്റ പ്രതിസന്ധിയെ തുടർന്ന് സ്‌പെയിനും ഇറ്റലിയും തമ്മിലുള്ള നയതന്ത്ര ഭിന്നത രൂക്ഷമായിരിക്കുകയാണ്. അതേസമയം, ഇറ്റാലിയൻ ഉപപ്രധാനമന്ത്രി മാറ്റിയോ സാൽവിനി മുഴുവൻ ഷെൻഗൻ സംവിധാനവും താൽക്കാലികമായി നിർത്തിവെക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
Summary: Italy has called for Spain to be suspended from the Schengen travel zone following a major migrant influx into the Spanish enclave of Ceuta. Spain rejected the remarks, accusing Italian leaders of politicising immigration and undermining European solidarity.


