ന്യൂറാലിങ്ക് മനുഷ്യന്റെ തലച്ചോറില്‍ പരീക്ഷിക്കാന്‍ അനുമതി

ന്യൂറാലിങ്ക് സാങ്കേതിക വിദ്യ മനുഷ്യന്റെ തലച്ചോറില്‍ പരീക്ഷിക്കാന്‍ യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അനുമതി. മനുഷ്യന്റെ ചിന്തകളെ കംപ്യൂട്ടറിലേക്ക് എത്തിക്കാന്‍ സാധിക്കുന്ന ഒരു ബ്രെയിന്‍ കംപ്യൂട്ടര്‍ ഇന്റര്‍ഫെയ്സ് വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ന്യൂറാലിങ്ക്. ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലാണ് ഇത് ഉള്ളത്.
ഒരു കാലത്ത് നിരവധി ആളുകള്‍ക്ക് സഹായമേകാന്‍ ഞങ്ങളുടെ സാങ്കേതിക വിദ്യ പ്രാപ്തമാക്കുന്ന സുപ്രധാനമായ ആദ്യ ചുവടുവെപ്പാണ് ഈ അനുമതിയെന്ന് ന്യൂറാലിങ്ക് ട്വീറ്റ് ചെയ്തു. എന്നാല്‍ ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. എഫ്ഡിഎയും ഇത് സംബന്ധിച്ച് ഔദ്യോഗികമായ പ്രതികരണം നടത്തിയിട്ടില്ല.
പൊണ്ണത്തടി, ഓട്ടിസം, മാനസിക സമ്മര്‍ദ്ദം, സ്‌കിസോഫ്രീനിയ പോലെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ടെലിപ്പതി, വെബ് ബ്രൗസിങ്, കംപ്യൂട്ടര്‍ ഉപകരണങ്ങളുടെ ഉപയോഗം എന്നിവ ന്യൂറാലിങ്ക് ഉപകരണം തലച്ചോറില്‍ സ്ഥാപിച്ച് നേടിയെടുക്കാമെന്ന് മസ്‌ക് വ്യക്തമാക്കുന്നു.
ഒരു ബ്ലൂടൂത്ത് റിമോട്ടിനെ ടിവിയുമായി കണക്റ്റ് ചെയ്യും പോലെ മനുഷ്യന്റെ തലച്ചോറിനെ യന്ത്രങ്ങളുമായി ബന്ധിപ്പിക്കാനുള്ള ശ്രമമാണ് ന്യൂറാലിങ്ക് നടത്തുന്നത്. 2020 ല്‍ പന്നികളില്‍ ഈ ഉപകരണം സ്ഥാപിച്ച് ഇലോണ്‍ മസ്‌ക് പ്രദര്‍ശനം നടത്തിയിരുന്നു.