Times Kerala

 നവയുഗം സാംസ്ക്കാരികവേദിയുടെ സഫിയ അജിത്ത് സാമൂഹ്യ പ്രതിബദ്ധതാ പുരസ്കാരത്തിന് മന്ത്രി കെ രാജനെ തെരഞ്ഞെടുത്തു

 
 നവയുഗം സാംസ്ക്കാരികവേദിയുടെ സഫിയ അജിത്ത് സാമൂഹ്യ പ്രതിബദ്ധതാ പുരസ്കാരത്തിന് മന്ത്രി കെ രാജനെ തെരഞ്ഞെടുത്തു
 

ദമ്മാം നവയുഗം സാംസ്ക്കാരികവേദിയുടെ 2021ലെ അവാർഡിന്, കേരളരാഷ്ട്രീയത്തിലെ ശ്രദ്ധേയനായ യുവനേതാവും, കേരള സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രിയുമായ ശ്രീ. കെ.രാജനെ തെരഞ്ഞെടുത്തു. നവയുഗം സാംസ്കാരികവേദി എല്ലാവർഷവും നൽകി വരുന്ന അവാർഡിന്, പരേതയായ നവയുഗം കേന്ദ്ര വൈസ് പ്രസിഡന്റും, പ്രശസ്ത പ്രവാസി ജീവകാരുണ്യപ്രവർത്തകയുമായ ശ്രീമതി സഫിയ അജിത്തിന്റെ പേര് നൽകാൻ, നവയുഗം കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലധികമായി  പൊതുപ്രവർത്തനരംഗത്തും, കേരളരാഷ്ട്രീയത്തിലും, സാമൂഹ്യ,സാംസ്ക്കാരികരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച കെ.രാജനെ ഈ അവാർഡിന് നവയുഗം കേന്ദ്രകമ്മിറ്റി തെരഞ്ഞെടുക്കുകയായിരുന്നു.

അന്തിക്കാട് പുളിക്കൽ കൃഷ്ണൻകുട്ടി മേനോന്റെയും, രമണിയുടെയും മകനായ കെ. രാജൻ  ശാസ്ത്രസാഹിത്യ പരിഷത്ത്, ബാലവേദി എന്നിവയിലൂടെയാണ് പൊതുപ്രവർത്തന രംഗത്ത് എത്തിയത്. തൃശ്ശൂർ കേരളവർമ കോളേജിൽ നിന്ന് ഡിഗ്രിയും, തിരുവനന്തപുരം ലോ അക്കാദമിയിൽനിന്ന് നിയമബിരുദവും നേടി. എ.ഐ.എസ്.എഫിലൂടെ വിദ്യാർഥി രാഷ്ട്രീയരംഗത്ത് സജീവമായ അദ്ദേഹം, കാലിക്കറ്റ് സർവകലാശാലാ യൂണിയൻ ജോയിന്റ് സെക്രട്ടറി, യുവജനക്ഷേമ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.  മികച്ച വാഗ്മിയും, സംഘാടകനുമായ കെ രാജൻ എ.ഐ.എ സ്.എഫ്. അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ എ.ഐ.വൈ.എഫ്. ദേശീയ ജനറൽ സെക്രട്ടറിയും, സി.പി.ഐ. സംസ്ഥാന എക്സിക്യുട്ടീവ് അംഗവുമാണ്. 
ഒല്ലൂരിലെ എം.എൽ.എ.യായ രാജൻ പതിനാലാം നിയമസഭയിൽ ചീഫ് വിപ്പ് സ്ഥാനവും വഹിച്ചിരുന്നു. നിലവിൽ റവന്യൂ, സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ്, ഭൂപരിഷ്കരണം, ഭവന നിർമാണം എന്നീ വകുപ്പുകളുടെ ചുമതല വഹിയ്ക്കുന്ന അദ്ദേഹം മന്ത്രിയെന്ന നിലയിൽ, അഴിമതിക്കറ പുരളാതെ, സാധാരണക്കാരുടെ ജീവിതത്തെ മെച്ചപ്പെടുത്താനായി വളരെ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്. കമ്മ്യുണിസ്റ്റ് ആദർശങ്ങളിൽ ഉറച്ചു നിന്നു കൊണ്ട് തൊഴിലാളികളുടെയും, പാവപ്പെട്ടവരുടെയും പുരോഗതിയ്ക്കായി എന്നും നിലയുറപ്പിച്ച പൊതുജീവിതമാണ് അദ്ദേഹത്തിന്റേത്.

ഈ യാഥാര്‍ത്ഥ്യങ്ങളെ മുന്നില്‍ നിര്‍ത്തിയാണ് നവയുഗം കേന്ദ്രകമ്മിറ്റി ‘‘സഫിയ അജിത്ത് സാമൂഹ്യ പ്രതിബദ്ധതാ പുരസ്കാരത്തിന്" കെ രാജനെ തെരഞ്ഞെടുത്തത്.  ശക്തമായ ഇടതുപക്ഷബോധം ഉയർത്തിപ്പിടിച്ചു, സാമൂഹ്യ,സാംസ്ക്കാരിക,രാഷ്ട്രീയ മണ്ഡലങ്ങളിൽ അദ്ദേഹം പുലർത്തിയ നിസ്വാർത്ഥത,  ഓരോ പൊതുപ്രവർത്തകനും മാതൃകയാണ് എന്ന് കേന്ദ്ര കമ്മിറ്റി നിരീക്ഷിച്ചു.

ജനുവരി  27 ന് ദമ്മാമില്‍ നടക്കുന്ന "നവയുഗസന്ധ്യ 2K22" മെഗാപ്രോഗ്രാമിന്റെ പൊതുചടങ്ങില്‍ വെച്ച്, സി.പി.ഐ സംസ്ഥാന സെക്രെട്ടറിയേറ്റ് അംഗവും, ഹൗസിങ് ബോർഡ് ചെയർമാനുമായ പി.പി.സുനീർ, അദ്ദേഹത്തിന് അവാര്‍ഡ് സമ്മാനിക്കുമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജമാൽ വില്യാപ്പള്ളിയും, ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറയും അറിയിച്ചു.


സർവ്വശ്രീ വെളിയം ഭാര്ഗ്ഗവൻ, ഷാജി മതിലകം, സാജിദ് ആറാട്ടുപുഴ, ശ്രീദേവി ടീച്ചർ, മുഹമ്മദ്‌ നജാത്തി, പി.ഏ.എം.ഹാരിസ്, ഡോ. സിദ്ദിഖ് അഹമ്മദ്, ഇ.എം.കബീർ, ടി സി ഷാജി എന്നിവരായിരുന്നു മുൻവർഷങ്ങളിൽ നവയുഗം പുരസ്ക്കാരം നേടിയ വ്യക്തിത്വങ്ങൾ

Related Topics

Share this story