നിപ ബാധയിൽ ആശ്വാസം; സംസ്ഥാനത്ത് ഇന്ന് പുതിയ കേസുകൾ ഇല്ലെന്ന് സർക്കാർ

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് പുതിയ നിപ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സർക്കാർ. നിപ ബാധയിൽ ആശ്വാസ്യകരമായ സ്ഥിതിയാണെന്നും സെക്കൻഡറി തലത്തിലേക്ക് രോഗബാധ പോകുന്നില്ലെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി.
തിരുവനന്തപുരം ജില്ലയിൽ നിപ ബാധയെന്ന് സംശയിക്കപ്പെട്ടിരുന്ന രണ്ടാമത്തെ വ്യക്തിയുടെ സാമ്പിളും നെഗറ്റീവ് ആണെന്ന് റിപ്പോർട്ടും ലഭിച്ചിട്ടുണ്ട്. കോഴിക്കോട്ട് നിപ ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന്റെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്നും വെന്റിലേറ്റർ സഹായം അവസാനിപ്പിച്ചെന്നും മന്ത്രി അറിയിച്ചു.

നിലവിൽ 1,233 പേരാണ് നിപ സമ്പർക്കപ്പട്ടികയിലുള്ളത്. ഹൈറിസ്ക് സമ്പർക്കപ്പട്ടികയിൽ 129 ആരോഗ്യപ്രവർത്തകരുൾപ്പെടെ 352 പേരാണ് ഉള്ളത്.
ഇതിൽ 23 പേർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഐഎംസിഎച്ചിൽ നാല് പേരെ പ്രവേശിപ്പിച്ചിട്ടുണ്ട്. 36 വവ്വാലുകളുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനക്കായി അയച്ചിട്ടുണ്ടെന്നും നിപ പരിശോധനയ്ക്കായി 24 മണിക്കൂറും ലാബുകൾ പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.