പെട്രോൾ പമ്പിൽ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കവെ തീപടര്‍ന്നു, യുവതി മരിച്ചു
May 21, 2023, 11:14 IST

ബംഗളൂരു: പെട്രോൾ പമ്പിൽ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കവെ തീപടര്‍ന്ന് യുവതി മരിച്ചു. കര്‍ണാടകയിലെ തുംകൂർ ജില്ലയിലാണ് സംഭവം നടന്നത്. പ്ലാസ്റ്റിക് കാനിൽ പെട്രോൾ നിറയ്ക്കുന്നതിനിടെ തീപടർന്ന് പൊള്ളലേറ്റ ഭവ്യയാണ് മരിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇതിനകം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ബുധനാഴ്ചയായിരുന്നു സംഭവം നടന്നത്. ഭവ്യയും മാതാവ് രത്നമ്മയുമാണ് സ്കൂട്ടറിൽ പെട്രോൾ പമ്പിൽ എത്തിയത്. ഭവ്യ മൊബൈൽ ഉപയോഗിച്ച് കൊണ്ട് ബൈക്കിൽ ഇരിക്കുകയായിരുന്നു.
പെട്രോൾ പമ്പിലെ ജീവനക്കാരൻ ഭവ്യ നൽകിയ പ്ലാസ്റ്റിക് കാനിൽ പെട്രോൾ നിറച്ചു കൊടുക്കുന്നതിനിടെ പെട്ടെന്ന് തീ ആളിപ്പടരുകയായിരുന്നു. മൊബൈൽ ഫോണിന് തീപിടിച്ചതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഗുരുതരമായി പരിക്കേറ്റ ഭവ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
