ഡൽഹി സർക്കാരിനെതിരായ ഓർഡിനൻസിനെ എതിർക്കും: തൃണമൂൽ

തലസ്ഥാനത്തെ ക്രമസമാധാനം, പോലീസ്, റവന്യു ഒഴികെയുള്ള മറ്റെല്ലാ അധികാരങ്ങളും സംസ്ഥാന സർക്കാരിനാണെന്നും ലെഫ്റ്റനന്റ് ഗവർണർക്കല്ലെന്നും സുപ്രീംകോടതി വിധിച്ചതിന് പിന്നാലെയാണ് വെള്ളിയാഴ്ച രാത്രി കേന്ദ്രസർക്കാർ ഓർഡിനൻസ് ഇറക്കിയത്.
ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നതിനുള്ള കേന്ദ്രസർക്കാരിന്റെ ഓർഡിനൻസിനെതിരായ കേജരിവാളിന്റെ പോരാട്ടത്തിന് പിന്തുണ നേടിയുള്ള രാജ്യവ്യാപക പര്യടനത്തിന്റെ ഭാഗമായിരുന്നു മമതയുമായുള്ള കൂടിക്കാഴ്ച. കേജരിവാളിനും ഭഗവന്ത് മന്നിനുമൊപ്പം ആം ആദ്മി പാർട്ടി നേതാക്കളായ രാഘവ് ഛദ്ദ, അതിഷി സിംഗ് എന്നിവരും ഉണ്ടായിരുന്നു.

കേന്ദ്രസർക്കാർ ഭരണഘടന മാറ്റിയേക്കുമെന്ന് ഭയപ്പെടുന്നു, രാജ്യത്തിന്റെ പേരുപോലും മാറ്റിയേക്കാം. അവർ സുപ്രീം കോടതി വിധികളെ പോലും മാനിക്കുന്നില്ല- മമത ആരോപിച്ചു.
ഓർഡിനൻസ് അനുസരിച്ച് ഡൽഹിയിൽ സേവനമനുഷ്ഠിക്കുന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം, നിയമനം, അവരുമായി ബന്ധപ്പെട്ട വിജിലൻസ് കാര്യങ്ങളുടെ ശുപാർശ എന്നിവ യ്ക്കെല്ലാം 'നാഷണൽ ക്യാപിറ്റൽ സിവിൽ സർവീസ് അഥോറിറ്റി’ക്കാണ് അധികാരം. ഈ അഥോറിറ്റിയുടെ അധികാര പരിധി വർധിപ്പിക്കുക വഴി സർക്കാരിന്റെ അധികാരങ്ങളെ മുഴുവനായി റദ്ദാക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലക്ഷ്യമിടുന്നത്.