ചെന്നൈ/കൊൽക്കത്ത: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പും പശ്ചിമ ബംഗാളിലെ ആദ്യഘട്ട വോട്ടെടുപ്പും നാളെ (ഏപ്രിൽ 23) നടക്കും ( West Bengal-Tamil Nadu Assembly Election). പ്രചാരണം അവസാനിച്ചതിന് പിന്നാലെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ ‘ഭീകരവാദി’ പരാമർശം വലിയ രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ്.
തമിഴ്‌നാട്ടിലെ മുഴുവൻ സീറ്റുകളിലും പശ്ചിമ ബംഗാളിലെ ആദ്യഘട്ടത്തിലുള്ള 152 സീറ്റുകളിലുമാണ് നാളെ വോട്ടെടുപ്പ്. ബംഗാളിൽ എട്ട് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 54 വടക്കൻ ബംഗാൾ സീറ്റുകളും ഇതിൽ ഉൾപ്പെടുന്നു. 3.60 കോടി വോട്ടർമാരാണ് ബംഗാളിൽ നാളെ വിധിയെഴുതുന്നത്. ബംഗാളിൽ സമാധാനപരമായ വോട്ടെടുപ്പ് ഉറപ്പാക്കാൻ 2,450 കമ്പനി കേന്ദ്ര സേനയെ തിരഞ്ഞെടുപ്പ് കമ്മീഷൻ വിന്യസിച്ചിട്ടുണ്ട്. 8,000-ത്തിലധികം പോളിംഗ് സ്റ്റേഷനുകൾ അതീവ ജാഗ്രതയുള്ളവയായി തിരിച്ചറിഞ്ഞിട്ടുണ്ട്.
തമിഴ്‌നാട്ടിൽ ഡിഎംകെ സഖ്യത്തിന്റെ റാലിയിൽ സംസാരിക്കവെയാണ് ഖാർഗെ പ്രധാനമന്ത്രിയെ ‘ഭീകരവാദി’ എന്ന് വിശേഷിപ്പിച്ചത്. ഇത് ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കാത്തതാണെന്നും കോൺഗ്രസ് രാഷ്ട്രീയത്തിന്റെ അധഃപതനമാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിമർശിച്ചു. തന്റെ വാക്കുകൾ വിവാദമായതോടെ ഖാർഗെ വിശദീകരണവുമായി രംഗത്തെത്തി. താൻ പ്രധാനമന്ത്രിയെ അക്ഷരാർത്ഥത്തിൽ ഭീകരവാദി എന്ന് വിളിച്ചിട്ടില്ലെന്നും, കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് അദ്ദേഹം രാഷ്ട്രീയ പാർട്ടികളെയും ജനങ്ങളെയും ‘ഭയപ്പെടുത്തുകയാണ്’എന്നാണ് ഉദ്ദേശിച്ചതെന്നും ഖാർഗെ വ്യക്തമാക്കി.
പശ്ചിമ ബംഗാൾ, തമിഴ്‌നാട് എന്നിവയ്ക്ക് പുറമെ കേരളം, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ വോട്ടെണ്ണൽ മെയ് 4-ന് നടക്കും. വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ദേശീയ തലത്തിൽ ഖാർഗെയുടെ പരാമർശവും അതിനോടുള്ള ബിജെപിയുടെ പ്രതികരണവും സജീവ ചർച്ചയായി തുടരുകയാണ്.
Summary: West Bengal and Tamil Nadu are set to vote tomorrow, April 23, in a high-stakes electoral battle. The first phase in Bengal covers 152 seats with 3.60 crore eligible voters, supported by massive central force deployment. Meanwhile, a major political row has erupted over Congress President Mallikarjun Kharge’s “terrorist” remark aimed at PM Modi. While Home Minister Amit Shah condemned the statement as a hit to political propriety, Kharge clarified that he meant the PM is “terrorising” opposition parties using central agencies. Votes for all states will be counted on May 4.

