കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നാളെ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ രാഷ്ട്രീയ പോര് മുറുകുന്നു. വടക്കൻ ബംഗാളിലെ 16 ജില്ലകളിലായി 152 മണ്ഡലങ്ങളാണ് നാളെ പോളിംഗ് ബൂത്തിലെത്തുന്നത്. പ്രചരണം അവസാന ഘട്ടത്തിലെത്തിനിൽക്കെ, മുഖ്യമന്ത്രി മമത ബാനർജിക്കെതിരായ ബിജെപി നേതാക്കളുടെ പരാമർശങ്ങൾ വൻ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.(West Bengal to go to polling booth tomorrow, TMC says Amit Shah insulted Mamata Banerjee)
മമത ബാനർജിയെ അമിത് ഷാ അധിക്ഷേപിച്ചെന്ന പ്രചരണം തൃണമൂൽ കോൺഗ്രസ് ശക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ട “ദീദി ഓ ദീദി” എന്ന വിളിയുമായി അമിത് ഷായും രംഗത്തെത്തിയത് തെരുവ് ഗുണ്ടകളെപ്പോലെയാണെന്ന് ടിഎംസി ആരോപിച്ചു. വൈകാരിക കാർഡാണ് തൃണമൂൽ ഉയർത്തുന്നത്. എന്നാൽ, വിവാദങ്ങൾ തള്ളി പ്രചരണം തുടരാനാണ് ബിജെപിയുടെ തീരുമാനം. ഇതിനായി ഏപ്രിൽ 27 വരെ അമിത് ഷാ ബംഗാളിൽ തുടരും.
വോട്ടെടുപ്പിന് തൊട്ടുമുമ്പ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ അക്രമങ്ങൾ റിപ്പോർട്ട് ചെയ്തു. പശ്ചിം മേദിനിപൂർ ദാന്റനിൽ ടിഎംസി പ്രവർത്തകർ നൂറോളം ബിജെപി പ്രവർത്തകരെ മർദിച്ചതായി പരാതി. ഗുരുതരമായി പരിക്കേറ്റ 15 പേരിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്. സൗത്ത് 24 പർഗാനാസ് ഭാംഗറിൽ ടിഎംസി – ഐഎസ്എഫ് പ്രവർത്തകർ ഏറ്റുമുട്ടി. കൂച്ബിഹാറിൽ ബിജെപി പ്രവർത്തകന്റെ വീടിന് നേരെ പെട്രോൾ ബോംബേറുണ്ടായി. കൊൽക്കത്തയിലും നന്ദിഗ്രാമിലും ബിജെപി-ടിഎംസി പ്രവർത്തകർ തെരുവിൽ ഏറ്റുമുട്ടി.
ബിജെപി പ്രവർത്തകർക്കെതിരായ ആക്രമണം തുടർന്നാൽ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ മുന്നറിയിപ്പ് നൽകി. കൂടാതെ, ബിജെപി നേതാക്കളെ ‘തീവ്രവാദി’ എന്ന് വിശേഷിപ്പിച്ച മല്ലികാർജുൻ ഖാർഗെയുടെ പരാമർശത്തിനെതിരെ ബിജെപി നേതാക്കൾ ഇന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും. 3.6 കോടി വോട്ടർമാരാണ് നാളെ ജനവിധി കുറിക്കുന്നത്. ബിജെപിക്ക് സ്വാധീനമുള്ള വടക്കൻ ബംഗാൾ ജില്ലകൾക്കൊപ്പം ന്യൂനപക്ഷ സ്വാധീനമേഖലകളായ മുർഷിദാബാദ്, മാൾഡ, ബിർഭൂം എന്നിവടങ്ങളിലും നാളെയാണ് വോട്ടെടുപ്പ്. സംഘർഷ സാധ്യത കണക്കിലെടുത്ത് 2.4 ലക്ഷം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു. കഴിഞ്ഞ തവണത്തേക്കാൾ ഒന്നര ഇരട്ടി അർദ്ധസൈനികരെയാണ് ഇത്തവണ നിയോഗിച്ചിരിക്കുന്നത്.

