ജയ്സാൽമർ: രാജസ്ഥാനിലെ ജയ്സാൽമർ ജില്ലയിൽ ഒരേ കുടുംബത്തിലെ നാല് പേരെ ജലസംഭരണിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം നടുക്കമുണർത്തി. റാംദേവ്ര പൊലീസ് സ്റ്റേഷൻ പരിധിയിലെ ലോഹാർക്കി ഗ്രാമത്തിലാണ് ദമ്പതികളും അവരുടെ രണ്ട് മക്കളും മരിച്ചത്. ആത്മഹത്യയാകാമെന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്. (Water Tank Death Case)
മരിച്ചവർ ജസ്രാജ് സുതാർ (29), ഭാര്യ നിർമ സുതാർ (25), മകൻ ഭാരത് (10), മകൾ മനീഷ (5) എന്നിവരാണ്. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. പൊലീസ് പറയുന്നതനുസരിച്ച്, ജസ്രാജ് ജലസംഭരണിയിലേക്ക് ചാടുന്നത് സഹോദരൻ കാണുകയും ഉടൻ തന്നെ നാട്ടുകാരെ വിവരം അറിയിക്കുകയുമായിരുന്നു. കുടുംബാംഗങ്ങളും ഗ്രാമവാസികളും സ്ഥലത്തെത്തിയെങ്കിലും നാല് പേരെയും രക്ഷിക്കാനായില്ല. ഗ്രാമവാസികളുടെ സഹായത്തോടെ മൃതദേഹങ്ങൾ പുറത്തെടുത്ത പൊലീസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറും. സംഭവസ്ഥലം പരിശോധിച്ച പൊലീസ് തെളിവുകൾ ശേഖരിക്കുകയും ഭാര്യയുടെ ബന്ധുക്കളെ വിവരമറിയിക്കുകയും ചെയ്തു.
ദമ്പതികൾക്കിടയിൽ കുടുംബപ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ സൂചന ലഭിച്ചിട്ടുണ്ടെങ്കിലും, മരണകാരണം സംബന്ധിച്ച് ഇതുവരെ അന്തിമ നിഗമനത്തിലെത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. എല്ലാ സാധ്യതകളും പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ലോഹാർക്കി ഗ്രാമത്തെയും സമീപ പ്രദേശങ്ങളെയും സംഭവം ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും അന്വേഷണം പൂർത്തിയാകുന്നതുവരെ കാത്തിരിക്കണമെന്നും പൊലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.
Summary: Four members of a family, including two young children, were found dead in a water tank in Rajasthan’s Jaisalmer district. Police suspect suicide but say the exact cause will be known only after the post-mortem and completion of the investigation.


