പേസ്‌മേക്കറുമായി എവറസ്റ്റ് കീഴടക്കാന്‍ ആഗ്രഹിച്ചു; ഇന്ത്യന്‍ പര്‍വതാരോഹകക്ക് ബേസ് ക്യാമ്പില്‍ വെച്ച് ദാരുണാന്ത്യം
May 20, 2023, 11:52 IST

പേസ്‌മേക്കര്‍ ഘടിപ്പിച്ച ഹൃദയവുമായി എവറസ്റ്റ് കീഴടക്കി റെക്കോര്‍ഡ് സൃഷ്ടിക്കാനാഗ്രഹിച്ച പര്‍വതാരോഹകയ്ക്ക് ദാരുണാന്ത്യം. മഹാരാഷ്ട്ര സ്വദേശിയായ സൂസന്‍ ലിയോപോള്‍ഡിന ജീസസ് എന്ന 59കാരിയാണ് നേപ്പാളിലെ ബേസ് ക്യാംപില്‍ വെച്ച് മരിച്ചത്. പേസ്‌മേക്കറുമായി എവറസ്റ്റ് കീഴടക്കുന്ന ആദ്യ ഏഷ്യന്‍ വനിത എന്ന ലക്ഷ്യം മുന്നില്‍ കണ്ടായിരുന്നു സൂസന്റെ യാത്ര. എവറസ്റ്റ് ബേസ് ക്യാംപിലെ പരിശീലനത്തിനിടെ സൂസന് ശാരീരികസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച മരണം സംഭവിക്കുകയായിരുന്നു. ബേസ് ക്യാംപിലെ അക്ലൈമറ്റൈസേഷന്‍ പരിശീലനത്തിനിടെയാണ് ഇവര്‍ക്ക് അസുഖം ബാധിച്ചത്. സാധാരണ വേഗത നിലനിര്‍ത്താന്‍ കഴിയാത്തതിനാല്‍ പര്‍വതാരോഹണം ഉപേക്ഷിക്കാന്‍ സൂസനോട് പറഞ്ഞിരുന്നതായി നേപ്പാള്‍ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ യുവരാജ് ഖതിവാഡ പറഞ്ഞു. എന്നാല്‍ ഈ നിര്‍ദ്ദേശം സ്വീകരിക്കാന്‍ സൂസന്‍ തയ്യാറായിരുന്നില്ല. അതേസമയം സൂസനെ വളരെയധികം നിര്‍ബന്ധിച്ചാണ് താഴേക്ക് എത്തിച്ചത് എന്നാണ് യാത്ര സംഘാടകനായ ദെണ്ഡി ഷെര്‍പ്പ പറഞ്ഞത്. തുടര്‍ന്ന് ലൂക്‌ലയിലെ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.