ശ്വാസപരിശോധനയെന്ന വ്യാജേന സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചു; ബ്രിജ് ഭൂഷനെതിരെ ഗുസ്തി താരങ്ങളുടെ മൊഴി
Sat, 6 May 2023

ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന് പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷനെതിരെ ഗുസ്തി താരങ്ങള്‍ പോലീസിന് മൊഴി നൽകി. പരിശീലനത്തിനിടെ ബ്രിജ് ഭൂഷന് സ്വകാര്യ ഭാഗങ്ങളില്‍ സ്പര്ശിച്ചെന്നാതടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് താരങ്ങൾ മൊഴി നൽകിയത്.പരാതിക്കാരായ നാല് പേരുടെ മൊഴി രേഖപ്പെടുത്തിയതായി കഴിഞ്ഞ ദിവസം പോലീസ് ഡല്‍ഹി കോടതിയില്‍ അറിയിച്ചിരുന്നു. ഇതില്‍ രണ്ട് പേര് നല്കിയ മൊഴിയുടെ വിശദശാംശങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. പരിശീലനത്തിന്റെ ഭാഗമായുള്ള ശ്വാസപരിശോധനയെന്ന വ്യാജേന സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നാണ് മൊഴി. ഇത് തങ്ങള്‍ക്ക് വലിയ മാനസിക ബുദ്ധിമുട്ടുണ്ടാക്കിയതായും മൊഴിയിൽ പറയുന്നു. ഗുസ്തി ഫെഡറേഷന് ഓഫിസ്, പരിശീലനകേന്ദ്രം, തുടങ്ങിയ ഇടങ്ങളിൽ വച്ച് എട്ട് തവണയോളം ലൈംഗിക ആക്രമണം ഉണ്ടായി. ബ്രിജ് ഭൂഷന് തങ്ങളുടെ കരിയര്‍ നശിപ്പിക്കുമെന്ന് ഭയന്നാണ് ഇക്കാര്യം പുറത്തു പറയാതിരുന്നതെന്നും താരങ്ങളുടെ മൊഴിയില്‍ പറയുന്നു. അതേസമയം ബ്രിജ് ഭൂഷനെതിരെ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ ഡല്‍ഹി ജന്തര്‍മന്തറില്‍ നടത്തുന്ന സമരം പതിനാലാം ദിവസവും തുടരുകയാണ്. ഡൽഹി പോലീസ് നടത്തുന്ന അന്വേഷണത്തിൽ വിശ്വാസമില്ലെന്നും ആരോപണം ഉന്നയിച്ച കായിക താരങ്ങൾ പറയുന്നു.