യു.ടി. ഖാദർ ഇനി കർണാടക നിയമസഭയെ നയിക്കും; തെരഞ്ഞെടുത്തത് എതിരില്ലാതെ
May 24, 2023, 17:55 IST

ബംഗളൂരു: മലയാളി എംഎൽഎ യു.ടി. ഖാദർ കർണാടക നിയമസഭയുടെ പുതിയ സ്പീക്കർ. എതിരില്ലാതെയാണ് യു.ടി. ഖാദറെ സ്പീക്കറായി തെരഞ്ഞെടുത്തത്. പ്രതിപക്ഷ പാർട്ടിയായ ബിജെപി സ്പീക്കർ സ്ഥാനാർഥിയെ നിർത്തിയിരുന്നില്ല. അന്പത്തിമൂന്നുകാരനായ ഖാദർ കർണാടക നിയമസഭാംഗമാകുന്ന ആദ്യ മുസ്ലിമാണ്.
പ്രോടേം സ്പീക്കർ ആർ.വി. ദേശ്പാണ്ഡെയാണ് സ്പീക്കർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ നടത്തിയത്. ഖാദറിന്‍റെ പേര് മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദേശിച്ചപ്പോൾ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പിന്തുണച്ചു. അഞ്ചു തവണ എംഎൽഎയായിട്ടുള്ള ഖാദർ മംഗളൂരു മണ്ഡലത്തെയാണു പ്രതിനിധീകരിക്കുന്നത്.
