ചെന്നൈ: നടി തൃഷയ്ക്കെതിരായ വിവാദ പരാമർശവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതിപക്ഷ നേതാവും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിന് ആശ്വാസം. ഉദയനിധിയെ റിമാൻഡ് ചെയ്യേണ്ടതില്ലെന്നും ചോദ്യം ചെയ്യാനാണ് കസ്റ്റഡിയിലെടുത്തതെന്നും സർക്കാർ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. സ്റ്റേഷൻ ജാമ്യത്തിൽ അദ്ദേഹത്തെ വിട്ടയക്കാൻ തയ്യാറാണെന്ന സർക്കാരിന്റെ നിലപാട് രേഖപ്പെടുത്തിയ കോടതി, ഉദയനിധിയെ ഇന്ന് തന്നെ വിട്ടയക്കാൻ ഉത്തരവിട്ടു.(Udhayanidhi Stalin, Madras High Court Orders Release Of Udhayanidhi Stalin On Station Bail)
പോലീസിന്റെ അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ചെന്നൈ നീലാങ്കരയിലെ വീട്ടിൽ നിന്നാണ് തഞ്ചാവൂർ പോലീസ് ഉദയനിധിയെ കസ്റ്റഡിയിലെടുത്തത്. ഉച്ചയ്ക്ക് 12 മണി വരെ അറസ്റ്റ് നടപടികൾ പാടില്ലെന്ന ഹൈക്കോടതി നിർദ്ദേശം മറികടന്നാണ് പോലീസ് തിടുക്കത്തിൽ നടപടിയെടുത്തതെന്ന് ആരോപണമുണ്ട്. ഉദയനിധിയെ തഞ്ചാവൂരിലേക്ക് കൊണ്ടുപോകുന്നതിനിടെ പോലീസിന്റെ വാഹനം തടഞ്ഞ് ഡി.എം.കെ പ്രവർത്തകർ സംസ്ഥാനത്തുടനീളം കടുത്ത പ്രതിഷേധങ്ങൾ ഉയർത്തി.
അതേസമയം, താൻ ആർക്കെതിരെയും അധിക്ഷേപകരമായി സംസാരിച്ചിട്ടില്ലെന്ന് ഉദയനിധി പ്രതികരിച്ചു. മുഖ്യമന്ത്രി വിജയനെയോ തൃഷയെയോ താൻ പേരെടുത്ത് പരാമർശിച്ചിട്ടില്ലെന്നും വീഡിയോ ക്ലിപ്പുകൾ വെട്ടിമുറിച്ച് പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട് നിയമസഭയുടെ ബജറ്റ് സമ്മേളനം ആരംഭിക്കാനിരിക്കെ, പ്രതിപക്ഷ നേതാവായ ഉദയനിധിയെ സഭയിൽ നിന്ന് മാറ്റിനിർത്താനുള്ള ഭരണപക്ഷത്തിന്റെ ഗൂഢാലോചനയാണ് ഈ അറസ്റ്റെന്ന് ഡി.എം.കെ ആരോപിച്ചു. സംഭവത്തെ തുടർന്ന് സംസ്ഥാനത്തുടനീളം ഡി.എം.കെ – ടി.വി.കെ പ്രവർത്തകർ തമ്മിൽ വൻ തെരുവ് പ്രതിഷേധങ്ങളാണ് നടന്നുവരുന്നത്.
Story Summary
The Tamil Nadu government informed the Madras High Court that DMK leader Udhayanidhi Stalin will be released on station bail after questioning over his alleged remarks against actor Trisha and CM Vijay. The court ordered his immediate release while directing him to cooperate with the probe.


