ഗുവാഹത്തി: അസമിലെ നാഗാവ് ജില്ലയിൽ സിആർപിഎഫ് ക്യാമ്പിനുള്ളിൽ ജവാൻ സഹപ്രവർത്തകർക്ക് നേരെ വെടിയുതിർത്ത് രണ്ട് പേരെ കൊലപ്പെടുത്തിയ ശേഷം സ്വയം വെടിവെച്ച് മരിച്ചതായി അധികൃതർ അറിയിച്ചു (Assam CRPF Camp Firing Incident). സംഭവത്തിൽ മറ്റൊരു സിആർപിഎഫ് ഉദ്യോഗസ്ഥന് ഗുരുതരമായി പരുക്കേറ്റു. ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെ കതിമാരിയിലെ 34-ാം ബറ്റാലിയൻ ക്യാമ്പിലാണ് സംഭവം.
ക്യാമ്പിന്റെ പ്രധാന കവാടത്തിൽ ഡ്യൂട്ടിയിലായിരുന്ന അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (എഎസ്ഐ) ബല്ലാനി പ്രേമബാരം സഹപ്രവർത്തകർക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. വെടിവെപ്പിൽ സിആർപിഎഫ് ജവാന്മാരായ വിഷ്ണു പ്രസാദ് ബാഗേലും രാംനവാൽ സിങ് യാദവും സംഭവസ്ഥലത്തുവെച്ച് മരിച്ചു. എഎസ്ഐ മനേ ഗോവിന്ദ് ശ്രീപുലിനാണ് ഗുരുതരമായി പരുക്കേറ്റത്.
നാഗാവ് സീനിയർ പൊലീസ് സൂപ്രണ്ട് പാർഥ പ്രതീം ദാസിന്റെ വിശദീകരണം പ്രകാരം, പ്രധാന കവാടത്തിൽ ഡ്യൂട്ടിയിലായിരുന്ന പ്രേമബാരത്തിന്റെ കൈവശം സർവീസ് റൈഫിൾ ഉണ്ടായിരുന്നില്ല. തുടർന്ന് ഗാർഡ് റൂമിൽ നിന്ന് ഇൻസാസ് റൈഫിൾ എടുത്ത ഇയാൾ ക്വാർട്ടർ ഗാർഡിന്റെ പിൻഭാഗത്തേക്ക് പോയി വിഷ്ണു പ്രസാദ് ബാഗേലിന് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ ബാഗേൽ സംഭവസ്ഥലത്തുവെച്ച് മരിച്ചു. തുടർന്ന് രേഖകൾ പരിശോധിക്കുന്നതിനായി എത്തിയ രാംനവാൽ സിങ് യാദവിനുനേരെയും പ്രേമബാരം വെടിയുതിർത്തെന്നാണ് പൊലീസ് പറയുന്നത്. യാദവും സംഭവസ്ഥലത്തുവെച്ച് മരിച്ചു. പിന്നീട് എഎസ്ഐ മനേ ഗോവിന്ദിന് നേരെ വെടിയുതിർക്കുകയും ഗുരുതരമായി പരുക്കേൽപ്പിക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.
പരുക്കേറ്റ ഉദ്യോഗസ്ഥനെ ആദ്യം സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി ഗുവാഹത്തി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വെടിവെപ്പിന് പിന്നാലെ പ്രേമബാരം ക്യാമ്പിലെ ബാരക്കിനുള്ളിലേക്ക് പോയി സ്വയം വെടിവെച്ച് മരിച്ചതായാണ് പൊലീസ് വ്യക്തമാക്കുന്നത്. ആന്ധ്രാപ്രദേശ് സ്വദേശിയായ പ്രേമബാരം സഹപ്രവർത്തകർക്ക് നേരെ വെടിയുതിർക്കാൻ ഇടയായ സാഹചര്യം വ്യക്തമല്ല. സംഭവത്തെക്കുറിച്ച് സിആർപിഎഫിന്റെയും അസം പൊലീസിന്റെയും മുതിർന്ന ഉദ്യോഗസ്ഥർ ക്യാമ്പിലെത്തി പരിശോധന നടത്തി. സംഭവത്തിന്റെ കാരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Summary: A CRPF Assistant Sub-Inspector allegedly shot dead two colleagues and injured another inside the 34th Battalion camp in Assam’s Nagaon district before dying by suicide. Police and senior CRPF officials have launched an investigation to determine the circumstances behind the incident.


