സാവോ പോളോ: ബ്രസീലിയൻ മിക്സഡ് മാർഷ്യൽ ആർട്‌സ് (എംഎംഎ) താരവും യുഎഫ്‌സി ഫ്ലൈവെയ്റ്റ് പോരാളിയുമായ അലൻ നാസിമെന്റോ 34-ാം വയസ്സിൽ അന്തരിച്ചു. ഉറക്കത്തിനിടെ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് യുഎഫ്‌സി അറിയിച്ചു. (Allan Nascimento Death)
ഓഗസ്റ്റ് 3-ന് രാവിലെ നാസിമെന്റോയെ പ്രതികരണമില്ലാത്ത നിലയിൽ കണ്ടെത്തിയെന്നാണ് യുഎഫ്‌സി ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കിയത്. ഉറക്കത്തിനിടെ ഹൃദയാഘാതമുണ്ടായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. വിവരം ലഭിച്ചെത്തിയ മെഡിക്കൽ സംഘത്തിന്റെ ശ്രമങ്ങൾക്കൊടുവിലും ജീവൻ രക്ഷിക്കാനായില്ലെന്നും സംഭവസ്ഥലത്തുവെച്ചുതന്നെ മരണം സ്ഥിരീകരിച്ചതായും യുഎഫ്‌സി അറിയിച്ചു. “മാതൃകാപരമായ ഫ്ലൈവെയ്റ്റ് പോരാളിയായ അലൻ നാസിമെന്റോയുടെ വേർപാടിൽ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സഹതാരങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു,” യുഎഫ്‌സി പ്രസ്താവനയിൽ അറിയിച്ചു. ജീവിതകാലം മുഴുവൻ ബ്രസീലിലെ സാവോ പോളോ സ്വദേശിയായി തുടരുന്ന നാസിമെന്റോയ്ക്ക് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ജൂണിലായിരുന്നു അദ്ദേഹത്തിന്റെ അവസാന യുഎഫ്‌സി പോരാട്ടം. അമേരിക്കൻ താരം മിച്ച് റപ്പോസോയോട് സ്പ്ലിറ്റ് ഡിസിഷനിലൂടെയാണ് നാസിമെന്റോ പരാജയപ്പെട്ടത്.
ബ്രസീലിലെ പ്രശസ്ത എംഎംഎ പരിശീലന കേന്ദ്രമായ ചൂട്ട് ബോക്‌സിനെ പ്രതിനിധീകരിച്ചാണ് നാസിമെന്റോ മത്സരരംഗത്തുണ്ടായിരുന്നത്. യുഎഫ്‌സിയിൽ നാല് വിജയവും രണ്ട് തോൽവിയും ഉൾപ്പെടുന്ന റെക്കോർഡാണ് അദ്ദേഹത്തിനുള്ളത്. പ്രൊഫഷണൽ എംഎംഎ കരിയറിൽ 22 വിജയവും ഏഴ് തോൽവിയും നേടി. “ഒരു പോരാളിയെയും ആത്മസുഹൃത്തിനെയും സമർപ്പിത മത്സരാർത്ഥിയെയും അസാധാരണ മനുഷ്യനെയുമാണ് ഞങ്ങൾക്ക് നഷ്ടമായത്. അദ്ദേഹത്തെ അടുത്തറിയാൻ കഴിഞ്ഞ എല്ലാവരുടെയും ആദരവും സ്നേഹവും നേടിയ വ്യക്തിയായിരുന്നു നാസിമെന്റോ,” ചൂട്ട് ബോക്‌സ് സമൂഹമാധ്യമത്തിൽ പങ്കുവെച്ച അനുശോചന സന്ദേശത്തിൽ പറഞ്ഞു. നാസിമെന്റോയുടെ അപ്രതീക്ഷിത വിയോഗത്തിൽ യുഎഫ്‌സി ലോകത്തുനിന്നും സഹതാരങ്ങളിൽനിന്നും ആരാധകരിൽനിന്നും അനുശോചന പ്രവാഹം തുടരുകയാണ്.
Summary: Brazilian UFC flyweight fighter Allan Nascimento has died at the age of 34 after an apparent heart attack during his sleep. Nascimento had a UFC record of four wins and two defeats and an overall professional MMA record of 22 wins and seven losses.


