പരിശീലന വിമാനം തകർന്ന് രണ്ട് പേർ മരിച്ചു
Sun, 19 Mar 2023

ഭോപ്പാൽ: മധ്യപ്രദേശിലെ ബലാഘട്ടിൽ പരിശീലന വിമാനം തകർന്നുവീണ് ഇൻസ്ട്രക്ടറും വിദ്യാർഥിയും മരിച്ചു. ഇന്ദിര ഗാന്ധി രാഷ്ട്രീയ ഉരാൻ അക്കാദമിയിലെ(ഐജിആർയുഎ) വിദ്യാർഥിനിയായ ഗുജറാത്ത് സ്വദേശി വൃക്ഷാൻക മഹേശ്വരി(19), ഇൻസ്ട്രക്ടർ മോഹിത് ഠാക്കൂർ എന്നിവരാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് കിർണാപുർ മേഖലയിൽ വച്ചാണ് വിമാനം തകർന്നുവീണത്. ഗോണ്ട എയർസ്ട്രിപ്പിൽ നിന്ന് പറന്നുയർന്ന വിമാനവുമായുള്ള ബന്ധം എയർ ട്രാഫിക് കൺട്രോൾ ടവറിന് അഞ്ച് മിനിറ്റിനുള്ളിൽ തന്നെ നഷ്ടമായിരുന്നു. തുടർന്ന് അധികൃതർ നടത്തിയ തെരച്ചിലിലാണ് ഇരുവരുടെയും കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ കണ്ടെത്തിയത്. മോശം കാലാവസ്ഥ മൂലമാണ് വിമാനം തകർന്നുവീണതെന്നാണ് സൂചന. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.