തിഹാർ ജയിലിലെ കൊലപാതകം: ഡ്യൂട്ടിയിലുണ്ടായിരുന്നത് തമിഴ്നാട് പോലീസുകാർ; തിരിച്ചയച്ചു

തില്ലു തജ്പുരിയ കഴിഞ്ഞ സെല്ലിന് മുന്നിൽ വച്ചായിരുന്നു എതിരാളികൾ ആദ്യം ആക്രമണം നടത്തിയത്. തുടർന്ന് ഗുരുതര പരിക്കേറ്റ തില്ലു തജ്പുരിയയെ ആശുപത്രിയിൽ കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ തടഞ്ഞു നിർത്തിയ ആക്രമികൾ വീണ്ടും ആക്രമണം നടത്തുകയായിരുന്നു.
തില്ലു തജ്പുരിയയെ എതിരാളികൾ ക്രൂരമായി കുത്തിക്കൊല്ലുമ്പോൾ ചുറ്റുമുണ്ടായിരുന്ന പോലീസുകാർ കൈയുംകെട്ടി സംഭവവും നോക്കി നിൽക്കുകയായിരുന്നു. സംഭവം കണ്ട് പോലീസുകാർ വെറുതെ കൈയുംകെട്ടി നിൽക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. ഈ പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ജയിൽ ഡയറക്ടർ ജനറൽ സഞ്ജയ് ബെനിവാൾ തമിഴ്നാട് പോലീസിന് കത്തെഴുതിയതിനു പിന്നാലെയാണ് ഇവരെ തമിഴ്നാട്ടിലേക്ക് തിരിച്ചയച്ചത്. തിഹാർ ജയിൽ പരിസരത്ത് ടിഎൻഎസ്പിയാണ് സുരക്ഷയൊരുക്കുന്നത്. സംഭവം നടന്ന എട്ടാം നമ്പർ സെല്ലിലായിരുന്നു ഈ ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നത്.