തില്ലു തജ്പുരിയയുടെ കൊലപാതകം; തിഹാർ ജയിലിലെ ജീവനക്കാരെ കൂട്ടമായി സ്ഥലംമാറ്റി
Fri, 12 May 2023

ന്യൂഡൽഹി: കുപ്രസിദ്ധ ഗുണ്ടാത്തലവന് തില്ലു തജ്പുരിയ തിഹാര്‍ ജയിലില്‍ വച്ച് കൊല്ലപ്പെട്ടതിന് പിന്നാലെ ജയില്‍ ജീവനക്കാരെ കൂട്ടമായി സ്ഥലം മാറ്റി. 99 ജയില്‍ ജീവനക്കാരെയാണ് സ്ഥലം മാറ്റിയത്. തില്ലുവിന്റെ മരണത്തിന് പിന്നാലെ ഒന്‍പത് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതുകൂടാതെയാണ് ഉദ്യോഗസ്ഥരെ കൂട്ടമായി സ്ഥലം മാറ്റിയത്. മേയ് രണ്ടിനാണ് എതിര് സംഘത്തിന്റെ ക്രൂരമായ ആക്രമണത്തെ തുടര്‍ന്ന് തില്ലു തജ്പുരിയ കൊല്ലപ്പെട്ടത്. സംഭവസമയം സമീപമുണ്ടായിരുന്ന പോലീസുകാര്‍ കാഴ്ചക്കാരായി നിന്നത് ഏറെ വിവാദമുണ്ടാക്കിയിരുന്നു.
നവീൻ ബാലി, നീരജ് ബവാന, അദ്ദേഹത്തിന്റെ സഹായികളായ അശോക് പ്രധാൻ, ദീപക് ബോക്സർ എന്നിവരുൾപ്പെടെ നിരവധി കുപ്രസിദ്ധ ഗുണ്ടകൾ തിഹാർ ജയിലിലുണ്ട്. ഏത് നിമിഷവും ജയിലിനുള്ളിൽ വച്ച് ഇവർക്ക് നേരെ ആക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. കുപ്രസിദ്ധ ഗുണ്ടകളും അവരുടെ സഹായികളും ഉള്‍പ്പടെ ആയിരത്തിലധികം തടവുകാരാണ് തിഹാര്‍ ജയിലിലുള്ളത്. പൊതുവെ ശാന്തരായി കാണപ്പെടുന്ന ഇവര്‍ എതിരാളികള്‍ക്ക് നേരെ പെട്ടന്ന് ആക്രമണം അഴിച്ചുവിടുകയാണ് പതിവ്.