ജാതി വിവേചനത്തിന് തെളിവില്ല; ഐഐടി വിദ്യാർഥി ജീവനൊടുക്കിയ കേസിൽ സഹപാഠിക്ക് ജാമ്യം
May 10, 2023, 20:25 IST

മുംബൈ: ഐഐടി ബോംബെയിലെ ഒന്നാം വർഷ ഡിഗ്രി വിദ്യാർഥി ദർശൻ സോളങ്കി ജീവനൊടുക്കിയ സംഭവത്തിൽ അറസ്റ്റിലായ സഹപാഠി അർമാൻ ഖാത്രിക്ക് കോടതി ജാമ്യം അനുവദിച്ചു. ആത്മഹത്യാക്കുറിപ്പിൽ സോളങ്കി ആരോപിച്ചിരുന്ന ജാതിവിവേചന ആരോപണം തെളിയിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഖാത്രിക്ക് കോടതി ജാമ്യം അനുവദിച്ചത്.
ഫെബ്രുവരി 12-നാണ് അഹമ്മദാബാദ് സ്വദേശിയായ സോളങ്കി ഹോസ്റ്റലിന്റെ ഏഴാം നിലയിൽ നിന്ന് താഴേക്ക് ചാടി ജീവനൊടുക്കിയത്. സോളങ്കി ജാതി വിവേചനം നേരിട്ടതായി ആരോപണം ഉയർന്നതിനെത്തുടർന്ന് ഖാത്രിയെ എസ്സി - എസ്ടി പീഡനവിരുദ്ധ നിയമപ്രകാരം കേസ് ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

എന്നാൽ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്താനുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും കത്തിൽ പേര് വന്നത് കൊണ്ട് മാത്രം ഖാത്രി ജാതി വിവേചനം നടത്തിയതായി തെളിയിക്കാനാവില്ലെന്നും കോടതി അറിയിച്ചു.