രണ്ട് വര്‍ഷത്തിന് ശേഷം വിവാഹം ചെയ്യാമെന്ന നിലപാട് അംഗീകരിക്കാതെ യുവതി; വിവാഹവേദിയില്‍ വിഷം കഴിച്ച് വരന്‍, വധു ഗുരുതരാവസ്ഥയില്‍
May 18, 2023, 13:35 IST

ഇന്‍ഡോര്‍: വിവാഹചടങ്ങിനിടെ വധുവരന്മാര്‍ തമ്മിലുണ്ടായ തര്‍ക്കത്തിന് പിന്നാലെ വിഷമെടുത്ത് കഴിച്ച വരന്‍ മരിച്ചു. വരനൊപ്പം വിഷം കഴിച്ച വധു ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. 21കാരനായ യുവാവാണ് വിവാഹ വേദിയില്‍ വച്ച് വിഷം കഴിച്ചത്. വധുവിന്‍റെ പ്രായം 20ആണ്. ചൊവ്വാഴ്ച മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം നടന്നത്. ഇന്‍ഡോറിലെ കനദിയ മേഖലയിലുള്ള ആര്യ സമാജത്തിന്‍റെ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് വിഷം കഴിച്ചുവെന്ന വിവരം വരന്‍ വധുവിനോട് പറഞ്ഞത്. വിവരമറിഞ്ഞ വധുവും മണ്ഡപത്തില്‍ വച്ച് തന്നെ വിഷം കഴിക്കുകയായിരുന്നു. വിവാഹ മണ്ഡപത്തില്‍ നിന്ന് ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും വരന്‍ വഴിയില്‍ വച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഇഷ്ടപ്പെട്ട ജോലി നേടി വിവാഹം ചെയ്യാമെന്ന യുവാവിന്‍റെ താല്‍പര്യം യുവതി പരിഗണിച്ചില്ലെന്നും കുറച്ച് കാലമായി ഉടന്‍ വിവാഹം നടത്തണമെന്നും പറഞ്ഞ് യുവതി മകനെ സമ്മര്‍ദ്ദത്തിലാക്കിയെന്നുമാണ് വരന്‍റെ കുടുംബാംഗങ്ങള്‍ പറയുന്നത്. രണ്ട് വര്‍ഷത്തിന് ശേഷം വിവാഹം ചെയ്യാമെന്ന നിലപാട് യുവാവ് സ്വീകരിച്ചതോടെ യുവതി പൊലീസില്‍ പരാതി നല്‍കിയതായും വീട്ടുകാര്‍ വിശദമാക്കുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
