റിസർവ്വ് ബാങ്കിൽ നിന്നും കറൻസി നോട്ടുകളുമായി എത്തിയ ട്രക്ക് കേടായി: ട്രക്കിലുണ്ടായിരുന്നത് 535 കോടിയുടെ നോട്ടുകൾ
May 18, 2023, 19:27 IST

ചെന്നൈ: റിസർവ് ബാങ്കിൽ നിന്ന് 1,070 കോടി രൂപയുടെ കറൻസി നോട്ടുകളുമായി എത്തിയ ട്രക്കുകളിലൊന്ന് കേടായത് പൊലീസിനെ മണിക്കൂറുകൾ മുൾമുനയിൽ നിറുത്തി. നിറയെ നോട്ടുകളുമായി എത്തിയ ട്രക്കുകളിലൊന്നിന് ചെന്നൈ താംബരത്തുവച്ചാണ് സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായതോടെ യാത്ര തുടരാൻ കഴിയാത്ത അവസ്ഥയിലായത്. 535 കോടിയുടെ നോട്ടുകളാണ് കേടായ ട്രക്കിൽ ഉണ്ടായിരുന്നത്.
അകമ്പടി പൊലീസുകാർ ഉടൻതന്നെ വാഹനങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തെങ്കിലും എണ്ണത്തിൽ കുറവായതോടെ അവർ കടുത്ത ആശങ്കയിലായി. ഇവർ വിവരമറിയിച്ചതിനെതുടർന്ന് സമീപ പൊലീസ് സ്റ്റേഷനുകളിനിന്നുൾപ്പടെ കൂടുതൽ പൊലീസ് എത്തി.
ദേശീയ പാതവഴിയുള്ള ഗതാഗതവും നിർത്തിവെച്ചു. ട്രക്ക് നന്നാക്കാൻ മെക്കാനിക്കുകളെ എത്തിച്ചെങ്കിലും അവർക്ക് തകരാർ പരിഹരിക്കാൻ കഴിഞ്ഞില്ല. മറ്റൊരു ട്രക്ക് എത്തിച്ചശേഷം കേടായ ട്രക്കിലുള്ള നോട്ടുകൾ അടങ്ങിയ കണ്ടെയ്‌നറുകൾ അതിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ് അധികൃതർ.
