10ാം ക്ലാസ് പരീക്ഷക്കിടെ വിദ്യാർഥി കുഴഞ്ഞുവീണുമരിച്ചു
Fri, 17 Mar 2023

ഒഡിഷ: 10ാം ക്ലാസ് പരീക്ഷക്കിടെ വിദ്യാർഥി കുഴഞ്ഞുവീണു മരിച്ചു. ഒഡീഷ കൊരാപുട്ട് ജില്ലയിലെ ദമൻജോഡി-മത്തൽപുട്ടിലെ കുന പൂജാരി ആണ് മരിച്ചത്. മാലുസന്ത ഗവൺമെന്റ് ഹൈസ്‌കൂൾ വിദ്യാർത്ഥിയായിരുന്നു. നാൽകോ ടൗൺഷിപ്പിലെ സരസ്വതി വിദ്യാ മന്ദിർ സെന്ററിൽ പരീക്ഷയ്‌ക്കെത്തിയ കുന പൂജാരി പെട്ടെന്ന് ക്ലാസ്സിൽ ബോധരഹിതനായി വീഴുകയായിരുന്നു. സ്‌കൂൾ അധികൃതർ ഉടൻ തന്നെ ആംബുലൻസിൽ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. വിവരമറിഞ്ഞ് ദമൻജോഡി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മരണ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.