‘മകനെ വളർത്തിയത് ഒറ്റയ്ക്ക്, പിന്നെന്തിന് അച്ഛന്റെ പേര് ചേർക്കണം?’; കോടതി കയറിയ അമ്മയ്ക്ക് അനുകൂലമായി ഹർജി തീർപ്പാക്കി ഡൽഹി ഹൈക്കോടതി
May 3, 2023, 12:22 IST

ന്യൂഡൽഹി: മകന്റെ പാസ്‌പോർട്ടിൽ നിന്നും അച്ഛന്റെ പേര് ഒഴിവാക്കണമെന്ന ആവശ്യമായി എത്തിയ സിംഗിൾ മദർ ആയ യുവതിക്ക് അനുകൂലമായി ഹർജി തീർപ്പാക്കി ഡൽഹി ഹൈക്കോടതി. പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പിതാവിന്റെ പേര് നിലവിലുള്ള പാസ്‌പോർട്ടിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സിംഗിൾ മദർ ആയ യുവതിയും പ്രായപൂർത്തിയാകാത്ത മകനും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കുട്ടി ജനിക്കുന്നതിന് മുമ്പ് പിതാവ് ഉപേക്ഷിച്ചതാണെന്നും കുട്ടിയെ താൻ ഒറ്റയ്ക്ക് വളർത്തിയതാണെന്നും യുവതി ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. താനൊരു രക്ഷിതാവായതിനാലും പിതാവ് കുട്ടിയെ പൂർണമായി ഉപേക്ഷിച്ചതിനാലും കുട്ടിയുടെ പാസ്‌പോർട്ടിൽ അവന്റെ അച്ഛന്റെ പേര് വെയ്ക്കണമെന്ന് പറയുന്നത് ശരിയല്ലെന്നായിരുന്നു ഇവർ വാദിച്ചത്.
പ്രായപൂർത്തിയാകാത്ത മകന്റെ പാസ്‌പോർട്ടിൽ നിന്ന് പിതാവിന്റെ പേര് നീക്കം ചെയ്യാൻ ഡൽഹി ഹൈക്കോടതി പാസ്‌പോർട്ട് അധികാരികൾക്ക് നിർദേശം നൽകി. ഇത് പിതാവ് കുട്ടിയെ പൂർണ്ണമായും ഉപേക്ഷിച്ച കേസായിരിക്കുമെന്ന് ജസ്റ്റിസ് പ്രതിബ എം സിംഗ് നിരീക്ഷിച്ചു. അതിനാൽ പാസ്‌പോർട്ടിൽ നിന്ന് കുട്ടിയുടെ പിതാവിന്റെ പേര് ഇല്ലാതാക്കാനും, പിതാവിന്റെ പേരില്ലാതെ കുട്ടിക്ക് പുതിയ പാസ്‌പോർട്ട് നൽകാനും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ചില സാഹചര്യങ്ങളിൽ ജീവശാസ്ത്രപരമായ പിതാവിന്റെ പേര് ഇല്ലാതാക്കാമെന്നും കുടുംബപ്പേര് മാറ്റാമെന്നും ഹൈക്കോടതി പറഞ്ഞു. പിതാവിന്റെ പേരില്ലാതെ വ്യത്യസ്ത സാഹചര്യങ്ങളിൽ പാസ്‌പോർട്ടുകൾ നൽകാമെന്ന് കോടതി പറഞ്ഞു.