ഹിരോഷിമയിൽ നാൽപ്പത്തി ഒൻപതാമത് G7 ഉച്ചകോടിക്ക് ഇന്ന് തുടക്കം; നരേന്ദ്രമോദി പങ്കെടുക്കും
Fri, 19 May 2023

ലോകത്തെ ഏറ്റവും ശക്തരായ എഴ് ജനാധിപത്യരാജ്യങ്ങൾ പങ്കെടുക്കുന്ന ജി ഏഴ് ഉച്ചകോടിക്ക് ജപ്പാനിലെ ഹിരോഷിമ ഒരുങ്ങി. നാൽപ്പത്തി ഒൻപതാമത് ജി7 ഉച്ചകോടി നാളെ തുടക്കമാകും. മൂന്ന് ദിവസം നടക്കുന്ന ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കെടുക്കും. വേദിയിൽ സുരക്ഷ ശക്തമാക്കി..
ഇന്ന് മുതൽ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കാൻ ലോകനേതാക്കൾ എത്തി. ജപ്പാനിലെത്തിയ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ആദ്യ സന്ദർശനം മറീൻ കോപ്സ് എയർ സ്റ്റേഷനിലായിരുന്നു. എയർ സ്റ്റേഷനിൽ എത്തിയ ബൈഡൻ അമേരിക്കൻ സൈനികരെ അഭിവാദ്യം ചെയ്തു. തുടർന്ന് ഹിരോഷിമയിലെത്തി പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായി കൂടിക്കാഴ്ച നടത്തി.
അംഗരാജ്യങ്ങളായ ജപ്പാൻ, കാനഡ, ഇറ്റലി, ഫ്രാൻസ്, ജർമനി, ബ്രിട്ടൺ, അമേരിക്ക എന്നിവയ്ക്ക് പുറമെ ഇന്ത്യ, വിയറ്റ്നാം, ഒസ്ട്രേലിയ, ബ്രസീൽ, ഇന്തൊനീഷ്യ, ദക്ഷിണ കൊറിയ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കും ക്ഷണമുണ്ട്. ജപ്പാൻ പ്രധാനമന്ത്രി ഫ്യുമിയോ കിഷിദയുടെ ക്ഷണം സ്വീകരിച്ചാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുക.