കൊടും ചൂട് അസഹ്യമായി; കാർ പാര്‍ക്കിംഗില്‍ കിടത്തിയുറക്കിയ മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം
Fri, 26 May 2023

ഹൈദരബാദ്: കൊടുംചൂട് സഹിക്കാനാവാതെ കെട്ടിട സമുച്ചയത്തിന്‍റെ പാര്‍ക്കിംഗ് സ്ഥലത്ത് കിടന്നുറങ്ങിയ 3 വയസുകാരിക്ക് ആഡംബര കാറിടിച്ച് ദാരുണാന്ത്യം. തെലങ്കാനയിലെ ഹയാത്നഗറിലാണ് സംഭവം. അപ്പാര്‍ട്ട്‌മെന്റിനു സമീപം ജോലിക്കായി എത്തിയ യുവതിയുടെ കുഞ്ഞ് ലക്ഷ്മിയാണ് മരിച്ചത്. പുറത്തു കനത്ത ചൂടായതിനാല്‍ ജോലി സമയത്ത് കുഞ്ഞിനെ കാര്‍ പാര്‍ക്കിങ് ഏരിയയില്‍ കിടത്തിയിരുന്നതെന്ന് ലക്ഷ്മി പറഞ്ഞു. നിലത്ത് തുണിവിരിച്ചാണ് കുഞ്ഞിനെ കിടത്തിയിരുന്നത്. അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാരനായ ഹരി രാമകൃഷ്ണ, കാര്‍ പാര്‍ക്കു ചെയ്യുന്നതിനിടെയാണ് കുഞ്ഞിന്റെ ദേഹത്തുകൂടി വാഹനം കയറിയത്. സ്ഥിരം പാര്‍ക്ക് ചെയ്യുന്ന സ്ഥലമായതിനാല്‍ അത്ര ശ്രദ്ധിക്കാതെയാണ് അദ്ദേഹം കാര്‍ ഓടിച്ചെത്തിയത്. മുന്നോട്ടെടുത്ത കാര്‍ കുട്ടിയുടെ ദേഹത്തുകൂടി കയറിയതോടെ പെട്ടെന്നുതന്നെ ഹരി വാഹനം പിന്നോട്ടെടുത്തു. കുട്ടി കിടക്കുന്നത് കണ്ടിരുന്നില്ലെന്ന് ഹരി പറഞ്ഞു. സംഭവത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.