വാക്കുതർക്കം വെടിവയ്പ്പിൽ കലാശിച്ചു; ഒരാൾ കൊല്ലപ്പെട്ടു
Updated: May 13, 2023, 07:22 IST

അമൃത്സർ: പഞ്ചാബില്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്നുണ്ടായ വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സാജൻ (28), ജസ്പ്രീത് സിംഗ് (34) എന്നിവരാണ് പരസ്പരം വെടിയുതിർത്തത്.
പിപ്ലന്വാല പ്രദേശത്തെ ഒരു ജിംനേഷ്യത്തിന്റെ മുന്പില് വച്ചാണ് രണ്ടുസംഘങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായത്. സംഭവത്തിന് പിന്നാലെ ഇരുവരെയും ആശുപത്രിയിലെത്തിച്ചിരുന്നു. സാജനെ ഒരു സ്വകാര്യ മെഡിക്കൽ സ്ഥാപനത്തിലേക്കാണ് കൊണ്ടുപോയത്. അവിടെ വച്ച് അദ്ദേഹം മരണത്തിന് കീഴടങ്ങി. ജസ്പ്രീത് സിംഗ് സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇരുവരുടെയും തോക്ക് ഇതുവരെയും കണ്ടെത്താനായിട്ടില്ല.