ടെക്സാസ് മാള്‍ വെടിവയ്പ്പ്: കൊല്ലപ്പെട്ടവരില്‍ ഇന്ത്യന്‍ യുവതിയും
May 9, 2023, 09:55 IST

വാഷിംഗ്ടണ്‍: കഴിഞ്ഞ ശനിയാഴ്ച അമേരിക്കയിലെ ടെക്സാസ് മാളിലുണ്ടായ വെടിവയ്പില്‍ കൊല്ലപ്പെട്ടവരില്‍ ഇന്ത്യന്‍ യുവതിയും. ഹൈദരബാദ് സ്വദേശിനി ഐശ്വര്യ തടികൊണ്ട(27) ആണ് കൊല്ലപ്പെട്ടത്. ഡാളസ് ആസ്ഥാനമായുള്ള പെര്‍ഫക്ട് ജനറല്‍ കോണ്‍ട്രാക്ടേഴ്സ് കമ്പനിയില്‍ പ്രൊജക്ട് മാനേജരായി ജോലി ചെയ്യുകയായിരുന്നു യുവതി.
ഈ മാസം ആറിന് ടെക്സാസിലെ അലന് പ്രീമിയം ഔട്ട്ലറ്റ് മാളില്‍ മൗറീസിയോ ഗാര്‍ഷ്യ(33) എന്നയാള്‍ അക്രമം നടത്തുകയായിരുന്നു. പൊടുന്നനെയുണ്ടായ വെടിവയ്പ്പില്‍ ഐശ്വര്യയടക്കം ഒമ്പതുപേരാണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കളോടൊപ്പം ഷോപ്പിംഗിനെത്തിയതായിരുന്നു ഐശ്വര്യ.
ഹൈദരബാദിലെ സരൂര് നഗര്‍ സ്വദേശിനിയായ ഐശ്വര്യ രംഗ റെഡ്ഡി ജില്ലാ വാണിജ്യ കോടതിയിലെ അഡീഷണല്‍ ജില്ലാ ജഡ്ജി തടികൊണ്ട നര്‍സി റെഡ്ഡിയുടെ മകളാണ്.