Times Kerala

 ടാറ്റയും ആപ്പിളും കൈകോർത്തു; ഐഫോൺ 15 ഇന്ത്യയിൽ നിർമിക്കും

 
 ടാറ്റയും ആപ്പിളും കൈകോർത്തു; ഐഫോൺ 15 ഇന്ത്യയിൽ നിർമിക്കും
ഇന്ത്യൻ വ്യവസായ ഭീമനായ ടാറ്റാ ഗ്രൂപ്പ് വരാനിരിക്കുന്ന ഐഫോൺ മോഡലുകൾ ഇന്ത്യയിൽ നിർമിച്ചേക്കുമെന്ന് റിപ്പോർട്ട്. കമ്പനി ആപ്പിളുമായി ഇതിനകം നിർമ്മാണ കരാറിൽ ഒപ്പിട്ടിട്ടുണ്ട്. ഇതോടെ ആപ്പിളിന്റെ ഇന്ത്യയിലെ നാലാമത്തെ ഐഫോൺ നിർമ്മാണ പങ്കാളിയായി ടാറ്റ മാറിയേക്കും. ഐഫോൺ 15, 15 പ്ലസ് എന്നീ മോഡലുകളാകും ടാറ്റ നിർമിക്കുക. തായ്‌വാനീസ് മാർക്കറ്റ് ഇന്റലിജൻസ് പ്രൊവൈഡറായ ട്രെൻഡ്‌ഫോഴ്‌സ് ആണ് പുതിയ റിപ്പോർട്ടുമായി എത്തിയിരിക്കുന്നത്. ടാറ്റയുമായുള്ള പങ്കാളിത്തത്തിൽ മൊത്തം ഐഫോണുകളുടെ എത്ര ശതമാനം ഇന്ത്യയിൽ നിർമ്മിക്കുമെന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തതയില്ല. അതേസമയം, വിസ്‌ട്രോൺ, ഫോക്‌സ്‌കോൺ, പെഗാട്രോൺ എന്നിങ്ങനെ ആപ്പിളിന് നിലവിൽ ഇന്ത്യയിൽ മൂന്ന് നിർമ്മാണ പങ്കാളികളുണ്ട്.  

പുതിയ ഐഫോണുകൾ ഇന്ത്യയിൽ നിർമിക്കുന്നത് രണ്ട് തരത്തിൽ ഇന്ത്യൻ ഉപയോക്താക്കൾക്ക് ഗുണമായേക്കും. ഒന്ന്, പൊതുവെ ഐഫോണുകൾ ഇന്ത്യയിൽ വൈകിയാണ് എത്താറുള്ളത്. ഇന്ത്യയിൽ നിർമിക്കുന്നത് കൊണ്ട് ഷിപ്മെന്റുകൾ വൈകുന്ന പ്രശ്നം വരുന്നില്ല. അതുകൊണ്ട് തന്നെ ഐഫോൺ 15 ആദ്യം തന്നെ നമുക്ക് വാങ്ങാൻ കഴിഞ്ഞേക്കും. അതുപോലെ ഇന്ത്യയിലെ നിർമ്മാണം ഐഫോൺ 15 സീരീസിന്റെ വില കുറയ്ക്കാനും സഹായിക്കും. ഇന്ത്യയിൽ ഇലക്ട്രോണിക് മേഖലയിലുള്ള സാന്നിധ്യം വിപുലീകരിക്കാൻ ശ്രമിക്കുന്ന ടാറ്റയ്ക്ക് ഇത് ഗണ്യമായ ഉത്തേജനം നൽകും. 

Related Topics

Share this story