ന്യൂഡൽഹി: നിയമസഭാംഗമല്ലാത്ത ഒരാൾക്ക് മന്ത്രിയായി ആറുമാസത്തിലധികം തുടരാനാകുമോ എന്ന നിർണായക ഭരണഘടനാ ചോദ്യവുമായി സുപ്രീം കോടതി. ബിഹാർ മന്ത്രി ദീപക് പ്രകാശിന്റെ തുടർച്ചയായ മന്ത്രിപദവിയെ ചോദ്യം ചെയ്ത ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വിഷയത്തിൽ വിശദീകരണം തേടിയത് (Supreme Court Unelected Minister Six Months Rule).
“ഇത് നിയമവുമായി ബന്ധപ്പെട്ട വ്യക്തമായ ചോദ്യമാണ്. തെരഞ്ഞെടുക്കപ്പെടാതെ ഒരു മന്ത്രി ആറുമാസത്തിലധികം എങ്ങനെ തുടരുന്നു എന്ന് സംസ്ഥാനം വിശദീകരിക്കണം,” എന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. ഭരണഘടനയിലെ വ്യവസ്ഥകളുടെ വ്യാഖ്യാനവുമായി ബന്ധപ്പെട്ട നിർണായക വിധിയാകും കേസിലുണ്ടാകുകയെന്നാണ് വിലയിരുത്തൽ.
ബിഹാർ പഞ്ചായത്തിരാജ് മന്ത്രിയായ ദീപക് പ്രകാശിന്റെ നിയമനമാണ് ഹർജിയിൽ ചോദ്യം ചെയ്തിരിക്കുന്നത്. നിതീഷ് കുമാർ മുഖ്യമന്ത്രിയായിരുന്ന കാലത്ത് പ്രകാശ് നാല് മാസവും 26 ദിവസവും മന്ത്രിയായി പ്രവർത്തിച്ചിരുന്നു. ഏപ്രിൽ 15ന് നിതീഷ് കുമാർ രാജിവച്ചതോടെ മന്ത്രിസ്ഥാനം അവസാനിച്ചു. തുടർന്ന് 22 ദിവസത്തിന് ശേഷം, മെയ് 7ന് സമ്രാട് ചൗധരി പുതിയ സർക്കാർ രൂപീകരിച്ചപ്പോൾ പ്രകാശ് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
മെയ് 30ന് സമർപ്പിച്ച ഹർജിയിൽ, നിയമസഭാംഗമല്ലാത്ത ഒരാൾക്ക് മന്ത്രിയായി തുടരുന്നത് ഭരണഘടനാ വ്യവസ്ഥകളുടെ ദുരുപയോഗമാണെന്ന് ആരോപിക്കുന്നു. വ്യത്യസ്ത കാലയളവുകളിലായി കണക്കാക്കിയാൽ പ്രകാശ് ആറ് മാസത്തിലധികം മന്ത്രിപദവിയിൽ തുടരുകയായിരുന്നുവെന്നാണ് ഹർജിക്കാരുടെ വാദം. ഭരണഘടനയുടെ അനുച്ഛേദം 164(4) പ്രകാരം, നിയമസഭാംഗമല്ലാത്ത ഒരാൾക്ക് മന്ത്രിയായി നിയമിതനായ ശേഷം ആറുമാസത്തിനുള്ളിൽ നിയമസഭയിലോ നിയമനിർമാണ സഭയിലോ അംഗമാകണം. അല്ലാത്തപക്ഷം ആ കാലയളവ് അവസാനിക്കുമ്പോൾ മന്ത്രി സ്ഥാനം ഒഴിയേണ്ടിവരും.
എന്നാൽ ദീപക് പ്രകാശിന്റെ കേസിൽ പ്രധാനമായും ഉയരുന്ന ചോദ്യം, ഈ ആറുമാസത്തെ കാലാവധി ഒന്നിലധികം തവണ ഉപയോഗിക്കാനാകുമോ എന്നതാണ്. ആറുമാസം പൂർത്തിയാകുന്നതിന് മുമ്പ് രാജിവച്ച് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്താൽ പുതിയ കാലയളവ് ആരംഭിക്കുമോ എന്നതും സുപ്രീം കോടതി പരിശോധിക്കും. നേരത്തെയും ഇത്തരം സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. 2019ൽ നിയമസഭാംഗമല്ലാതെയാണ് ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായത്. പിന്നീട് അദ്ദേഹം നിയമസഭാ കൗൺസിൽ അംഗമായി. ഉത്തരാഖണ്ഡിൽ മുഖ്യമന്ത്രി തിരത് സിങ് റാവത്ത് ആറുമാസത്തെ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് രാജിവച്ചിരുന്നു.
ദീപക് പ്രകാശ് കേസിലെ സുപ്രീം കോടതി വിധി, തെരഞ്ഞെടുക്കപ്പെടാതെ മന്ത്രിപദവി വഹിക്കുന്നവരുടെ കാലാവധി സംബന്ധിച്ച നിലവിലെ നിയമവ്യാഖ്യാനത്തിൽ നിർണായകമായ വ്യക്തത നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Summary: The Supreme Court is examining whether an unelected minister can continue in office beyond six months by taking multiple short stints. The case involves Bihar minister Deepak Prakash, whose continuation in office has been challenged under Article 164(4) of the Constitution.


