കൊച്ചി: മെഡിക്കൽ കോളേജുകളിലെ പ്രിൻസിപ്പൽമാരുടെ സ്ഥലംമാറ്റ ഉത്തരവിന് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ഏർപ്പെടുത്തിയ സ്റ്റേ ഹൈക്കോടതി നീക്കി. സ്ഥലംമാറ്റ ഉത്തരവിൽ അഴിമതിയോ സ്വജനപക്ഷപാതമോ ഉണ്ടെന്ന് തെളിയിക്കാൻ ഹർജിക്കാർക്ക് സാധിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയാണ് ഡിവിഷൻ ബെഞ്ചിന്റെ നിർണ്ണായക ഉത്തരവ്.(Kerala High Court Lifts Stay On Medical College Principals Transfer)
ഡോക്ടർമാരെ സ്ഥലംമാറ്റുന്നത് സർക്കാരിന്റെ ഭരണനിർവ്വഹണ അധികാര പരിധിയിൽ വരുന്ന വിഷയമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. മികച്ച ഭരണനിർവ്വഹണത്തിന് ഡോക്ടർമാരെ എവിടെയാണ് നിയമിക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത് സർക്കാരാണ്.
കൂടാതെ ട്രൈബ്യൂണലിൽ നൽകിയ ഹർജിയിൽ സ്ഥലംമാറ്റ ഉത്തരവ് ബാധിക്കുന്ന മുഴുവൻ ഉദ്യോഗസ്ഥരെയും കക്ഷി ചേർത്തിരുന്നില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ ഏഴ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാരുടെ സ്ഥലംമാറ്റ ഉത്തരവാണ് നേരത്തെ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തിരുന്നത്. ബന്ധപ്പെട്ട എല്ലാ കക്ഷികളുടെയും വാദം പൂർണ്ണമായി കേട്ട ശേഷം വിഷയം വീണ്ടും പരിഗണിച്ച് ട്രൈബ്യൂണലിന് അന്തിമ തീരുമാനമെടുക്കാമെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
Story Summary
The Kerala High Court lifted the stay imposed by the Kerala Administrative Tribunal on the transfer order of seven government medical college principals. A Division Bench held that transferring doctors is part of the government’s administrative authority and noted that the petitioners failed to prove any corruption or favoritism in the transfer orders.


