ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചക്കെതിരായ ഡൽഹിയിലെ പ്രതിഷേധത്തിനിടെ റാപ്പിഡ് ആക്ഷൻ ഫോഴ്സ് നടത്തിയ പെല്ലറ്റ് ഗൺ പ്രയോഗവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതി നിർണായക ഇടപെടൽ (Supreme Court RAF Pellet Gun Use). ജൂലൈ 20ന് ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെ വിന്യസിച്ച RAF സംഘത്തിന്റെ വെടിയുണ്ട ഉപയോഗ രേഖകൾ (അമ്യൂണിഷൻ ലോഗ്) സംരക്ഷിക്കാൻ കേന്ദ്ര സർക്കാരിന് കോടതി നിർദേശം നൽകി.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് മുൻ കേന്ദ്ര വിവരാവകാശ കമ്മീഷണറും വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനുമായ യശോവർധൻ ആസാദ് ഉൾപ്പെടെയുള്ളവർ സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കവെയാണ് നിർദേശം നൽകിയത്. പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റതായി അവകാശപ്പെടുന്ന രണ്ട് പേരും ഹർജിക്കാരിൽ ഉൾപ്പെടുന്നു. ജനക്കൂട്ട നിയന്ത്രണത്തിനായി പമ്പ് ആക്ഷൻ അല്ലെങ്കിൽ പ്രൊജക്ടൈൽ ആക്ഷൻ തോക്കുകളിൽ ഉപയോഗിക്കുന്ന ലോഹ പെല്ലറ്റുകൾക്ക് രാജ്യവ്യാപക നിരോധനം ഏർപ്പെടുത്തണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. ഭരണഘടന ഉറപ്പുനൽകുന്ന ബലപ്രയോഗ മാനദണ്ഡങ്ങൾക്ക് ഇത്തരം ആയുധങ്ങൾ വിരുദ്ധമാണെന്നാണ് ഹർജിക്കാരുടെ വാദം.
എന്നാൽ പെല്ലറ്റ് ഗണ്ണുകൾ പൂർണമായി നിരോധിക്കണമെന്ന ഹർജിയിലെ ആവശ്യത്തെ കോടതി ചോദ്യം ചെയ്തു. അസാധാരണ സാഹചര്യങ്ങളിൽ പെല്ലറ്റ് ഗൺ ഉപയോഗിക്കാമെന്ന് ബ്യൂറോ ഓഫ് പോലീസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് മാർഗനിർദേശങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക വൃന്ദ ഗ്രോവർ ജൂലൈ 20ലെ പ്രതിഷേധത്തിനിടെ പെല്ലറ്റ് ഗൺ ഉപയോഗിച്ചതിനെക്കുറിച്ച് വിശദമായ പരിശോധന വേണമെന്ന് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് RAFന്റെ വെടിയുണ്ട ഉപയോഗ രേഖകൾ സംരക്ഷിക്കാൻ കേന്ദ്ര സർക്കാരിനോട് കോടതി നിർദേശിച്ചത്. പ്രതിഷേധത്തിനിടെ പെല്ലറ്റ് പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ ഡൽഹി സർക്കാരിനോടും സുപ്രീം കോടതി ആവശ്യപ്പെട്ടു. ഭരണഘടനയുടെ 32-ാം അനുച്ഛേദപ്രകാരം സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ പരിക്കേറ്റവർക്ക് നഷ്ടപരിഹാരം, സമഗ്ര ചികിത്സ, പുനരധിവാസം എന്നിവയും ആവശ്യപ്പെട്ടിട്ടുണ്ട്.
Summary: The Supreme Court has directed the Centre to preserve RAF ammunition records related to pellet gun use during the NEET protest at Delhi’s Jantar Mantar. The court is examining a plea seeking restrictions on the use of pellet ammunition for crowd control.


