സൈക്കിള്‍ ചെയിന്‍ ഉപയോഗിച്ച് കഴുത്തുഞെരിച്ചു, കല്ല് കൊണ്ട് തലയ്ക്കടിച്ചു; 12കാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കുട്ടിക്കൂട്ടുകാര്‍ പിടിയില്‍
Tue, 16 May 2023

ഭോപ്പാല്‍: മധ്യപ്രദേശില്‍ മൂന്ന് പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ ചേര്‍ന്ന് കൂട്ടുകാരനായ 12-വയസുകാരനെ ക്രൂരമായി കൊലപ്പെടുത്തി. സംഭവത്തില്‍ പ്രതികളായ മൂന്ന് കുട്ടികളെയും പൊലീസ് പിടികൂടി. സിയോണി ജില്ലയിലാണ് സംഭവം. 16 ഉം 14 ഉം 11 ഉം വയസുള്ള കുട്ടികളാണ് കൃത്യം ചെയ്തത്. ഇതില്‍ രണ്ടുപേര്‍ സഹോദരങ്ങളാണ്. 12കാരനെ ഒറ്റപ്പെട്ട സ്ഥലത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയാണ് കൊലപ്പെടുത്തിയതെന്നും പൊലീസ് പറയുന്നു. സൈക്കിള്‍ ചെയിന്‍ ഉപയോഗിച്ച് കഴുഞ്ഞു ഞെരിച്ചപ്പോള്‍ 12കാരന്‍ കരഞ്ഞു. ഈസമയത്ത് മൂന്ന് പ്രതികള്‍ ചേര്‍ന്ന് കല്ല് കൊണ്ട് തലയ്ക്കടിച്ചു. തുടര്‍ന്ന് കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. തുടര്‍ന്ന് മൃതദേഹം പോളിത്തീന്‍ ബാഗിലാക്കിയ പ്രതികള്‍, ആരും കണ്ടെത്താതിരിക്കാൻ ചരല്‍ കൂട്ടി മൂടുകയും തുടർന്ന് പ്രതികൾ രക്ഷപ്പെടുകയുമായിരുന്നു. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി. പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ എന്ന നിലയില്‍ ഇവരെ ദുര്‍ഗുണ പരിഹാര പാഠശാലയിലേക്ക് മാറ്റി.