മന്ത്രിസഭ പുനസംഘടിപ്പിച്ച് സ്റ്റാലിൻ; ടി.ആർ. ബാലുവിന്റെ മകൻ മന്ത്രി
May 10, 2023, 07:35 IST

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മന്ത്രിസഭ പുനസംഘടിപ്പിക്കുന്നു. മണ്ണാർകുടി എംഎൽഎ ടി.ആർ.ബി. രാജയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തി. ക്ഷീരവികസനമന്ത്രി എസ്.എം. നാസറിനെ മന്ത്രിസഭയിൽനിന്നും നീക്കിയാണ് രാജയ്ക്ക് മന്ത്രിസ്ഥാനം നൽകിയിരിക്കുന്നത്.
രാജയെ മന്ത്രിസഭയിൽ ഉൾപ്പെടുത്താനുള്ള മുഖ്യമന്ത്രിയുടെ ശുപാർശ ഗവർണർ ആർ.എൻ. രവി അംഗീകരിച്ചു. നിയുക്ത മന്ത്രിയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച രാവിലെ 10.30ന് നടക്കും-രാജ്ഭവൻ അറിയിച്ചു.
നിലവിൽ സംസ്ഥാന ആസൂത്രണ കമ്മീഷൻ അംഗമാണ്. മന്ത്രി എസ്.എം. നാസറുമായി ബന്ധപ്പെട്ട് അടുത്തിടെ പരാതി ഉയർന്നിരുന്നു. ഏതാനും മാസങ്ങൾക്കുമുമ്പ്, പൊതുവേദിയിൽ തനിക്ക് ഇരിക്കാൻ കസേര കൊണ്ടുവരാൻ വൈകിയതിൽ ക്ഷോഭിച്ച് തൊഴിലാളിക്ക് നേരെ മന്ത്രി കല്ല് എറിയുന്നതും കാമറയിൽ പതിഞ്ഞിരുന്നു.
ഡിഎംകെ ട്രഷററും പാർട്ടി ലോക്സഭാ ലീഡറുമായ ടി.ആർ. ബാലുവിന്റെ മകൻ കൂടിയാണ് രാജ.