ന്യൂഡൽഹി: ലോക്സഭയിൽ വനിതാ സംവരണ ബില്ലിന്മേലുള്ള ചർച്ച പുരോഗമിക്കവെ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം. 2023-ലെ വനിതാ സംവരണ ബിൽ ധൃതിപിടിച്ച് വിജ്ഞാപനം ചെയ്തതിനെതിരെ കെ.സി. വേണുഗോപാൽ എം.പി ഉന്നയിച്ച ക്രമപ്രശ്നത്തോടെയാണ് സഭാ നടപടികൾ ആരംഭിച്ചത്. ഡിഎംകെ അംഗങ്ങൾ കറുപ്പണിഞ്ഞാണ് ഇന്ന് സഭയിലെത്തിയത്.(Speaker says today is the day for Women, discussion on Women’s Reservation Amendment Bill in Parliament )
ബില്ലിനെതിരെ ശക്തമായ ഭാഷയിലാണ് ഡിഎംകെ എം.പി കനിമൊഴി പ്രതികരിച്ചത്. ബിൽ നടപ്പിലാക്കുന്നതിലെ അപാകതകൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് വലിയ തിരിച്ചടിയാകുമെന്ന് അവർ ചൂണ്ടിക്കാട്ടി. ജനസംഖ്യാ നിയന്ത്രണം മികച്ച രീതിയിൽ നടപ്പിലാക്കിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ഈ ബിൽ തിരിച്ചടിയാകും. മണ്ഡല പുനർനിർണ്ണയം വരുന്നതോടെ പാർലമെന്റിലെ തമിഴ് ശബ്ദം ഇല്ലാതാകുമെന്ന് കനിമൊഴി ആരോപിച്ചു.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ കേന്ദ്രം ലംഘിച്ചു. സംസ്ഥാനങ്ങളുമായോ മുഖ്യമന്ത്രിമാരുമായോ കൂടിയാലോചന നടത്താതെ രാജ്യത്തിന്റെ ജനാധിപത്യ ഭൂപടം മാറ്റിവരയ്ക്കാനാണ് കേന്ദ്ര ശ്രമമെന്നും അവർ കുറ്റപ്പെടുത്തി. എന്തിനാണ് തിരഞ്ഞെടുപ്പ് വേളയിൽ മാത്രം ഇത്തരമൊരു ബിൽ കൊണ്ടുവരുന്നത്? നിലവിലെ 543 സീറ്റുകളിൽ തന്നെ മൂന്നിലൊന്ന് സംവരണം നടപ്പിലാക്കാൻ സർക്കാർ തയ്യാറാകണമെന്നും കനിമൊഴി ആവശ്യപ്പെട്ടു.
“ഇന്ന് വനിതകളുടെ ദിനമാണ്” (ആജ് മഹിളോം കാ ദിൻ ഹേ) എന്ന് ഓർമ്മിപ്പിച്ചാണ് സ്പീക്കർ ഓം ബിർള പ്രതിപക്ഷത്തെ ശാന്തനാക്കാൻ ശ്രമിച്ചത്. ഭരണഘടനാ ഭേദഗതി ബില്ലായതിനാൽ ഭൂരിപക്ഷം തെളിയിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ബില്ലിന്മേലുള്ള നിർണ്ണായക വോട്ടെടുപ്പ് ഇന്ന് വൈകിട്ട് നാല് മണിക്ക് നടക്കും. ബിൽ പാസാകാൻ 543 അംഗങ്ങളുള്ള സഭയിൽ ചുരുങ്ങിയത് 360 എം.പിമാരുടെ പിന്തുണ ആവശ്യമാണ്. സീറ്റുകൾ വർദ്ധിപ്പിക്കാതെ നിലവിലെ സീറ്റുകളിൽ തന്നെ മൂന്നിലൊന്ന് സംവരണം വേണമെന്ന നിലപാടിൽ പ്രതിപക്ഷം ഉറച്ചുനിൽക്കുകയാണ്.

